
ലണ്ടന്‍: ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആയിരുന്നു അനില്‍ അംബാനി. ലോകത്തിലെ ആദ്യത്തെ ആറ് ശതകോടീശ്വരന്‍മാരില്‍ ഒരാള്‍. എന്നാല്‍ പിന്നീടങ്ങോട്ട് അനില്‍ അംബാനിയുടെ ജീവിതത്തില്‍ തകര്‍ച്ചയുടെ നാളുകളായിരുന്നു. ഇപ്പോള്‍, തന്റെ കൈയ്യില്‍ സ്വത്തായിട്ട് ഒന്നുമില്ലെന്ന് അനില്‍ അംബാനി വ്യക്തമാക്കിക്കഴിഞ്ഞു. അതും ലണ്ടനിലെ കോടതിയില്‍ ഔദ്യോഗികമായി തന്നെ.
ചൈനീസ് ബാങ്കുളില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിശദീകരണം. 2008 ലെ ഫോര്‍ബ്സ് കോടീശ്വര പട്ടികയില്‍ അനില്‍ അംബാനി ആയിരുന്നു ഇന്ത്യയിലെ നമ്പര്‍ വണ്‍. ലോക സമ്പന്നരില്‍ ആറാമന്‍ ആയിരുന്നു അന്ന് അനില്‍. 42 ബില്യണ്‍ ഡോളര്‍ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി.
2008 ല്‍ റിലയന്‍സ് പവറിന്റെ ഐപിഒ മുഴുവന്‍ വിറ്റുപോയത് 60 സെക്കന്‍ഡിനുള്ളില്‍ ആയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പരാജയങ്ങളായിരുന്നു അനിലിനെ വരവേറ്റത്. 2011 ആയപ്പോഴേക്കും ആസ്തിമൂല്യം 8.8 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു. 2013 ല്‍ എത്തിയപ്പോള്‍ അത് 5.2 ബില്യണ്‍ ആയി പിന്നേയും കുറഞ്ഞു. 2016 ല്‍ അനില്‍ അംബാനിയുടെ ആസ്തി പിന്നേയും കുറഞ്ഞ് 2.5 ബില്യണില്‍ എത്തി. ഒട്ടുമിക്ക കമ്പനികളും വലിയ കടത്തിലും ആയി. എന്നാല്‍ 2018 ല്‍ ആസ്തിയില്‍ ചെറിയൊരു വര്‍ദ്ധനയുണ്ടായി 2.8 ബില്യണ്‍ ഡോളറില്‍ എത്തി. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. 2019 ല്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നതിലേക്കെത്തി അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഫോര്‍ബ്സിന്റെ കോടീശ്വര പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നായി എടുത്ത 700 മില്യണ്‍ ഡോളറിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കേസ്. 2012 ല്‍ ആയിരുന്നു റിലയന്‍സ് കോം ഈ വായ്പകള്‍ എടുത്തത്. ഈ കേസിലാണ് തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
താനിപ്പോള്‍ ഭാര്യയുടേയും കുടുംബത്തിന്റേയും ചെലവിലാണ് കഴിയുന്നത് എന്നാണ് അനില്‍ വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എല്ലാം അമ്മയുടെ കാര്‍ഡ് ഉപയോഗിച്ചുള്ളതാണെന്നും അനില്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ വിവരങ്ങള്‍ അറിയിച്ചത്. വക്കീല്‍ ഫീസ് നല്‍കാന്‍ കൈവശമുള്ള ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തിയത് എന്നും അനില്‍ അംബാനി പറയുന്നു. ഒരു കാര്‍ മാത്രമാണ് തന്റെ കൈവശം ഇപ്പോഴുള്ളത് എന്നും പറഞ്ഞിട്ടുണ്ട്.
തന്റെ അമ്മയ്ക്ക് മാത്രം 500 കോടി രൂപ നല്‍കാന്‍ ഉണ്ടെന്നാണ് അനില്‍ വ്യക്തമാക്കിയിട്ടുള്ളത്. മകന്‍ അന്‍മോലിന് നല്‍കാനുള്ളത് 310 കോടി രൂപ ആണത്രെ. തന്റെ കൈവശം ഉണ്ട് എന്ന് പറയുന്ന അമൂല്യങ്ങളായ കലാവസ്തുക്കളുടെ ശേഖരം ഭാര്യയുടെ ഉടമസ്ഥതയില്‍ ആണെന്നും അനില്‍ വ്യക്തമാക്കുന്നു. ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവരില്‍ നിന്നാണ് അനില്‍ അംബാനി വായ്പ എടുത്തിട്ടുള്ളത്. ഇവര്‍ക്കെല്ലാമായി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ലണ്ടനിലെ കോടതി കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തരവിട്ടിരുന്നതാണ്. കോടതി ചെലവായി 7 കോടി രൂപ വേറേയും നല്‍കണം. എന്നാല്‍ ഈ പണം ഇതുവരെ നല്‍കിയിട്ടില്ല.