
മുംബൈ: അനില്‍ അംബാനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുളള വായ്പാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) റസല്യൂഷന്‍ പ്രൊഫഷണലിനെ (ആര്‍പി) നിയമിച്ചു. ജിതേന്തര്‍ കോത്താരിയെയാണ് എന്‍സിഎല്‍ടി ആര്‍പിയായി നിയമിച്ചത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയുടെ വായ്പ സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിലുളള തര്‍ക്കങ്ങള്‍ തുടരുന്നത്. റെസല്യൂഷന്‍ പ്രൊഫഷണലിന്റെ നിയമിക്കുന്നതിനെതിരെ നാഷണല്‍ കമ്പനി അപ്പലേറ്റ് ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍എടി) നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അംബാനി. ഇത് സംബന്ധിച്ച് അദ്ദേഹം നിയമോപദേശം സ്വീകരിക്കുകയും ചെയ്യുന്നു.
കേസിലെ പ്രതിഭാഗത്തെ വ്യക്തി (അനില്‍ അംബാനി) റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയ്ക്ക് നല്‍കിയ വായ്പയുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ഗ്യാരണ്ടി നല്‍കി എന്നതില്‍ സംശയമില്ല. കൂടാതെ, ഐ ബി സിയുടെ സെക്ഷന്‍ 95 പ്രകാരം വായ്പാ ദാതാവ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, അത്തരമൊരു അപേക്ഷ സമര്‍പ്പിച്ച് ഏഴ് ദിവസത്തിനുള്ളില്‍ റെസല്യൂഷന്‍ പ്രൊഫഷണലിനെ നാമനിര്‍ദ്ദേശം ചെയ്യുകയല്ലാതെ ട്രൈബ്യൂണലിന് മറ്റ് മാര്‍ഗമില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
ഒരു വിഭാഗ കമ്പനികള്‍ക്കായി കോര്‍പ്പറേറ്റ് പാപ്പരത്ത പ്രക്രിയ നടക്കുന്നുണ്ടെന്ന് അംബാനിയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രസ്തുത പ്രക്രിയയുമായി ബന്ധപ്പെട്ട് വായ്പാ സമിതി പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്, ഇത് ട്രൈബ്യൂണലുകളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്, എന്‍സിഎല്‍ടിക്ക് പാപ്പരത്ത നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വരെ കാത്തിരിക്കാമെന്ന വാദമുഖം അംബാനിയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയെങ്കിലും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.