83 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപവുമായി യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടി ഗ്രോ

April 09, 2021 |
|
News

                  83 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപവുമായി യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടി ഗ്രോ

ഓണ്‍ലൈന്‍ നിക്ഷേപ രംഗത്തെ സ്റ്റാര്‍ട്ടപ്പായ ഗ്രോ 83 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപവുമായി യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടി. ഇതോടെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് രാജ്യത്തെ ഏറ്റവും പുതിയ യൂണികോണായി മാറി. ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ 100 കോടി ഡോളറിലധികം മൂല്യം സ്വന്തമാക്കി 8 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ ക്ലബ്ബില്‍ ഇടം പിടിച്ചതായി ദി മിന്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ നിക്ഷേപകമ്പനിയായ ടൈഗര്‍ ഗ്ലോബല്‍ ബുധനാഴ്ച്ചയോടെ 83 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയതിലൂടെ ഗ്രോ യുടെ മൂല്യം നൂറുകോടിയിലെത്തുകയായിരുന്നു. കമ്പനിയുടെ സീരീസ് ഡി മൂലധന സമാഹരണത്തില്‍ നിലവിലുള്ള നിക്ഷേപകരായ സേക്വയ ക്യാപിറ്റല്‍ ഇന്ത്യ, വൈസി കണ്ടിന്യൂയിറ്റി, റിബിറ്റ് ക്യാപിറ്റല്‍,പ്രോപെല്‍ വെഞ്ചേഴ്‌സ് പാര്‍ട്‌ണേഴ്‌സ് എന്നിവരും പങ്കെടുത്തിരുന്നതായി ഗ്രോ അധികൃതര്‍ വ്യക്തമാക്കി. ഗ്രോ ഇതുവരെ നിക്ഷേപകരില്‍ നിന്ന് 140 ദശലക്ഷം ഡോളര്‍ മൂലധനം സമാഹരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇന്ത്യയില്‍ 100 കോടി ഡോളര്‍ മൂലധനത്തോടെ 8 സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇവയില്‍ പകുതിയോളം സ്റ്റാര്‍ട്ടപ്പുകളും ഈ ആഴ്ചയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കോവിഡ് മഹാമാരി ത്വരിതപ്പെടുത്തിയ സമ്പദ്വ്യവസ്ഥയിലെ ഡിജിറ്റലൈസേഷന്‍ നിക്ഷേപ കമ്പനികളെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ആകര്‍ഷിച്ചു. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ പദവിയിലെത്താന്‍ സഹായിച്ചുവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ സാങ്കേതിക സേവന രംഗത്തെ സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്രാ മാര്‍ക്കറ്റ്, ആരോഗ്യ സേവന മേഖലയിലെ ഇന്നോവേസര്‍, നോണ്‍ ബാങ്കിംങ് മേഖലയിലെ ഫൈവ്സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ഇ-ഫാര്‍മസി രംഗത്തെ എപിഐ ഹോള്‍ഡിങ്‌സ്, ഫിനാന്‍ഷ്യല്‍ ടെക് കമ്പനികളായ ഡിജിറ്റ് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് തുടങ്ങിയവയാണ് ഈ വര്‍ഷം യൂണികോണ്‍ പട്ടികയില്‍ ഇടം പിടിച്ച സ്റ്റാര്‍ട്ടപ്പുകള്‍. പുതുതായി ഈ പദവിയിലെത്തിയത് 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫിനാന്‍ഷ്യല്‍ ടെക് കമ്പനിയായ ഗ്രോ ആണ്.

പുതുതായി സമാഹരിച്ച നിക്ഷേപങ്ങള്‍ സാമ്പത്തിക പഠനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായും, കമ്പനിയുടെ ഉല്‍പന്നശ്രേണി വിപുലീകരിക്കുന്നതിനായും പ്രയോജനപ്പെടുത്തുമെന്നും, രണ്ടുവര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്കായി ഒരു സ്റ്റീഫോഫിനാന്‍ഷ്യല്‍ വിദ്യാഭ്യാസ സംരംഭം ആരംഭിക്കുമെന്നും, വിദഗ്ധരായ ജോലിക്കാരെ നിയമിക്കുമെന്നും ഗ്രോ യുടെ സഹസ്ഥാപകനും സിഇഒ യുമായ ലളിത് കെശ്രെ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഏകദേശം 25 ദശലക്ഷം ആളുകള്‍ മാത്രമാണ് ഓഹരികളിലോ, മ്യൂച്ചല്‍ ഫണ്ടുകളിലോ നിക്ഷേപം നടത്തുന്നത്. ഇത് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും, ഇതിനായി തങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്തുമെന്നും ലളിത് കേശ്രെ കൂട്ടിച്ചേര്‍ത്തു.

900 ല്‍ പരം നഗരങ്ങളിലായി 1.5 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടെന്നാണ് ഗ്രോ അവകാശപ്പെടുന്നത്. ഓണ്‍ ബോര്‍ഡിംഗ് പ്രക്രിയ ലളിതമാക്കി, ഉപയോക്താക്കള്‍ക്ക് ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ട്, ഇടിഎഫ്(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്),ഐപിഒ(ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്), സ്വര്‍ണ്ണം എന്നിവയില്‍ നിക്ഷേപിക്കുന്നത് എളുപ്പമാക്കുന്നു എന്നതാണ് ഉപയോക്താക്കളുടെ ഇടയില്‍ ഗ്രോ യെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണില്‍ നിക്ഷേപകര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമുള്ള ഇന്റര്‍ കിര്‍ലോസ്‌കാ ഫേസ് സ്റ്റോക്കുകളും ഗ്രോ ആരംഭിച്ചിരുന്നു. പ്രതിമാസം 2.5 ലക്ഷം പുതിയ എസ്‌ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) കള്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മ്യൂച്ചല്‍ഫണ്ട് വിതരണ പ്ലാറ്റ്‌ഫോമുകളില്‍ പ്രമുഖരാണ് തങ്ങളെന്നും കമ്പനി അവകാശപ്പെടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved