
ബിസിനസില്‍ വെന്നിക്കൊടി പാറിച്ച അധികമാരും അറിയാത്ത രണ്ട് ചെറുപ്പക്കാരാണ് അനുഭവ് ഡൂബേയുടെയും സുഹൃത്തായ ആനന്ദ് നായകും. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവ് അറിയാതെ 22-ാം വയസ്സില്‍ ഇന്‍ഡോറില്‍ ഒരു ചായക്കട ആരംഭിച്ചാണ് ഇരുവരുടേയും തിളക്കമേറിയ ജീവിതം ആരംഭിക്കുന്നത്. 3 ലക്ഷം രൂപയില്‍ നിന്നും 5 വര്‍ഷം കൊണ്ട് 100 കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനമായി തങ്ങളുടെ സംരഭത്തെ വളര്‍ത്തിയ ആ ചെറുപ്പക്കാരേയും അവരുടെ സ്ഥാപനത്തെയും കുറിച്ച് കൂടുതല്‍ അറിയാം.
മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ ഐഎഎസ് പരീക്ഷ തയ്യാറെടുപ്പിനായി ഡല്‍ഹിയിലെത്തിയ വ്യക്തിയാണ് അനുഭവ്. എന്നാല്‍ കാലം അയാള്‍ക്കായി കരുതി വച്ച വഴി മറ്റൊന്നായിരുന്നു. സുഹൃത്തിനൊപ്പം ആരംഭിച്ച ചായ് സുട്ട ബാര്‍ എന്ന ഇരുവരുടേയും സംരഭത്തിന് 5 വര്‍ഷം കൊണ്ട് അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയില്‍ 70ലേറെ നഗരങ്ങളില്‍ 145 ഔട്ട്ലെറ്റുകളുള്ള ടീ ബിസിനസ് ശൃംഖലയായി സ്ഥാപനം വളര്‍ന്നു. ഒപ്പം ഇന്ത്യയ്ക്ക് പുറത്തേക്കും ശാഖകള്‍. മസ്‌ക്കറ്റിലും ദുബായിയിലും. അഞ്ച് ഔട്ട്ലെറ്റുകളാണ് കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലുള്ളത്. ശേഷിക്കുന്ന 140 ഔട്ട്ലെറ്റുകളും ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലാണ്.
ഇന്‍ഡോറിലെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് അനുഭവും ആനന്ദ് നായകും സുഹൃത്തുക്കള്‍ ആകുന്നത്. തന്റെ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മാറ്റി വച്ചുകൊണ്ടാണ് അനുഭവ് സംരഭകനാകുവാന്‍ തയ്യാറെടുത്തത്. കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിവില്‍ സര്‍വീസ് തയ്യാറെടുപ്പിനായാണ് അനുഭവ് ഡല്‍ഹിയിലേക്ക് മാറുന്നത്. മകനെ ഐഎഎസ് ഉദ്യോഗസ്ഥാനി കാണണമെന്ന അച്ഛന്റെ സ്വപ്ന സാഫല്യത്തിന് കൂടി വേണ്ടിയായിരുന്നു അത്.
പെട്ടെന്ന് പണം സാമ്പാദിക്കാമല്ലോ എന്ന ആലോചനയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസായിരുന്നു ആദ്യം മുന്നില്‍ വന്ന ആലോചന. എന്നാല്‍ മുടക്ക് മുതല്‍ അവിടെ വില്ലനായി. ആനന്ദിന്റെ മാതാപിതാക്കള്‍ നല്‍കിയ 3 ലക്ഷം രൂപ മാത്രമായിരുന്നു അവരുടെ പക്കല്‍ സംരഭത്തിനുള്ള മൂലധനമായി ഉണ്ടായിരുന്നത്. ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷം ഭന്‍വാര്‍ കുവാ സ്ട്രീറ്റില്‍ ഒരു ചായക്കട ആരംഭിക്കുവാന്‍ അനുഭവും ആനന്ദും തീരുമാനിച്ചു. അങ്ങനെ ചായ് സുട്ട ബാര്‍ എന്ന സംരഭത്തിന് തുടക്കമായി.
കൈയ്യിലെ പരിമിതമായ മൂലധനം കാരണം മാര്‍ക്കറ്റിംഗ്, സ്ഥാപനത്തിന്റെ ഇന്‍ീരിയര്‍ ഡിസൈനിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം അവര്‍ സ്വയം ചെയ്തു. ഷോപ്പിന്റെ പെയിന്റിംഗ് മുതല്‍ നെയിം ബോര്‍ഡ് തയ്യാറാക്കിയത് അവര്‍ തന്നെ. സെക്കന്റ് ഹാന്‍ഡ് ഫര്‍ണിച്ചറുകളാണ് കടയിലേക്ക് വാങ്ങിയത്. എല്ലാ സംരഭകര്‍ക്കുമെന്ന പോലെ ആദ്യ കാലം അതിജീവനത്തിന്റെ കാലമായിരുന്നു. ഐഎഎസുകാരനാകുവാന്‍ പോയിട്ട് ചായക്കടക്കാരനാകുവാന്‍ തീരുമാനിച്ച അനുഭവിന് നാലുപാടും നിന്ന് ലഭിച്ചത് പരിഹാസങ്ങളായിരുന്നു. എന്നാല്‍ പതിയെ ചായ് സുട്ട ബാര്‍ എന്ന പേര് ജനകീയമായിത്തുടങ്ങി. ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിക്കുവാന്‍ ആരംഭിച്ചു.
അനുഭവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, വെള്ളത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന രണ്ടാമത്തെ ഉത്പ്പന്നം ചായയാണ്. അതാണ് അതിന്റെ വാണിജ്യ സാധ്യതയും. കൂടാതെ ഈ മേഖലയിലെ ഉയര്‍ന്ന ഡിമാന്റ് കാരണം ഏറെ മൂലധനം ആവശ്യമില്ലാതെ തന്നെ ബിസിനസ് ആരംഭിക്കുവാനും സാധിക്കും.
18 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ ഇന്ന് ചായ് സുട്ട ബാറിനുണ്ട്. പേപ്പര്‍ കപ്പുകളില്‍ നിന്നു മാറി മണ്‍ കപ്പുകളാണ് ചായ് സുട്ട ബാറില്‍ ഉപയോഗിക്കുന്നത്. ഇതുവഴി രാജ്യത്തെ 250 കുടുംബങ്ങള്‍ വരുമാനം കണ്ടെത്തുവാനുള്ള മാര്‍ഗവും ചായ് സുട്ട ബാര്‍ ഒരുക്കുന്നുണ്ട്. റോസ് ചായ, മസാല ചായ, ഇഞ്ചി ചായ, ഏലക്ക ചായ, സ്പെഷ്യല്‍ പാന്‍ ചായ തുടങ്ങി 7 വ്യത്യസ്ത രുചികളിലുള്ള ചായകള്‍ ചായ് സുട്ട ബാറിന്റെ പ്രത്യേകതയാണ്. യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരമായ ചോക്ലേറ്റ് ഫ്ളേവര്‍ ചായയാണ് അവയില്‍ പ്രധാനം.
10 രൂപ മുതല്‍ 200 രൂപ വരെയാണ് ചായയുടെ വില. വ്യത്യസ്ത രുചികളുള്ള ചായകള്‍ കൂടാതെ മാഗി, സാന്‍ഡ്വിച്ചുകള്‍, പിസ്സകള്‍ തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ചായ് സുട്ട ബാറില്‍ ലഭിക്കും. ആദ്യത്തെ ഔട്ട്ലെറ്റ് ആരംഭിച്ച് മൂന്ന് മാസത്തില്‍ ചായ് സുട്ട ബാറിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് ആരംഭിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. നിലവില്‍ രാജ്യത്തെ പല നഗരങ്ങളില്‍ ഔട്ട്ലെറ്റുകള്‍ ആരംഭിച്ച് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ശൃംഖലയായി മാറക്കൊണ്ടിരിക്കുകയാണ് ചായ് സുട്ട ബാര്‍. ഒരു ഔട്ട്ലറ്റ് ആരംഭിക്കുന്നതിനായി അവര്‍ ഈടാക്കുന്ന ഫ്രാഞ്ചൈസി ചാര്‍ജ് 6 ലക്ഷം രൂപയാണ്.