
വിപ്ലവകരമായ ഇന്റര്‍നെറ്റ് മുന്നേറ്റത്തിന്റെ സൂചനയുമായി ടെക് ഭീമന്മാര്‍. പാസ്വേഡ് രഹിത ലോകത്തിനായി ഫിഡോയുമായി കൈകോര്‍ക്കുകയാണ് ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്നോളജി ഭീമന്മാര്‍. ഈ വമ്പന്‍ മാറ്റം ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാമെന്ന് ലിലിപുടിങ് പ്രവചിക്കുന്നു.
സിനെറ്റാണ് വാര്‍ത്ത പുറത്തുവിടുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ഓരോ തവണയും പാസ്വേഡ് അടിച്ചു കയറുകയും അതു കൂടുതല്‍ സുരക്ഷിതമാക്കാനായി ടുഫാക്ടര്‍ ഓതന്റിക്കേഷനും മറ്റും പ്രയോജനപ്പെടുത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. എന്നാല്‍, ഇതൊക്കെ ഒഴിവാക്കാന്‍ നിലവില്‍ വന്ന കൂട്ടായ്മയാണ് ഫാസ്റ്റ് ഐഡന്റിറ്റി ഓണ്‍ലൈന്‍ (ഫിഡോ) അലയന്‍സ്.
ലോക പാസ്വേഡ് ദിനമായ മെയ് 5നാണ് ലോകത്തെ പ്രമുഖ സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഫിഡോയുടെ നീക്കത്തെ പിന്തുണയ്ക്കുന്നു എന്നറിയിച്ച് രംഗത്തെത്തിയത്. മൊബൈലുകളിലും കംപ്യൂട്ടറുകളിലും വെബ് ബ്രൗസറുകളിലും എളുപ്പത്തിലും സുരക്ഷിതമായും പ്രയോജനപ്പെടുത്താവുന്നതാണ് പാസ്വേഡില്ലാത്ത സൈന്‍-ഇന്‍. വിന്‍ഡോസ്, മാക്ഒഎസ്, ക്രോംഒഎസ് തുടങ്ങിയ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഐഒഎസ്, ആന്‍ഡ്രോയിഡ് തുടങ്ങിയ സമാര്‍ട് ഫോണ്‍ ഒഎസുകളിലും ക്രോം, എജ്, സഫാരി തുടങ്ങിയ ബ്രൗസറുകളിലും പുതിയ സംവിധാനം എത്തിയേക്കും.
തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സഹജാവബോധവും കഴിവും വര്‍ധിപ്പിക്കുന്നതിനും അവയെ കൂടുതല്‍ സ്വകാര്യവും സുരക്ഷിതവുമാക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് ആപ്പിളിന്റെ സീനിയര്‍ ഡയറക്ടര്‍ കേര്‍ട്ട് നൈറ്റ് പറഞ്ഞു. നൂതനമായി രീതി ഉപയോഗിക്കുമ്പോള്‍ പാസ്വേഡുകള്‍ക്കുള്ള പല പരിമിതികളെയും മറികടക്കാനാകും. ഇതുവഴി ഉപയോക്താവിന്റെ സ്വകാര്യ ഡേറ്റ കൂടുതല്‍ സുരക്ഷിതമാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാസ്വേഡില്ലാത്ത ലോഗ്-ഇന്‍ പ്രക്രിയയ്ക്ക് ഫിഡോ സ്മാര്‍ട് ഫോണിനെ കേന്ദ്രീകരിച്ചുള്ള നീക്കമാണ് നടത്തുന്നത്. ഏതു തരം ഡിജിറ്റല്‍ ഒതന്റിക്കേഷനും ഫോണ്‍ ഉപയോഗിക്കാവുന്ന രീതിയിലേക്കാണ് എത്തുന്നത്. ആപ്പുകള്‍, വെബ്സൈറ്റുകള്‍, മറ്റു ഡിജിറ്റല്‍ സേവനങ്ങള്‍ ഇവയ്ക്കൊക്കെ സൈന്‍-ഇന്‍ ആവശ്യമാണെങ്കില്‍ അത് എളുപ്പവും സുരക്ഷിതവും ആക്കുകയാണ് പുതിയ രീതിവഴി എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. വളരെ സവിശേഷമായ ക്രിപ്റ്റോഗ്രാഫിക് ടോക്കണ്‍ ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതിനെ പാസ്‌കീ എന്നാണ് വിളിക്കുന്നത്. ഈ പാസ്‌കീ ഫോണും വേബ്സൈറ്റും ഒക്കെയായി കൈമാറുകയാണ് ചെയ്യുന്നത്.