ആപ്പിള്‍ സിഇഒയുടെ ശമ്പളം 100 മില്യണ്‍ ഡോളറിനടുത്ത്; ഇതല്‍പ്പം കൂടുതലല്ലേ എന്ന് ഓഹരിയുടമകള്‍

February 18, 2022 |
|
News

                  ആപ്പിള്‍ സിഇഒയുടെ ശമ്പളം 100 മില്യണ്‍ ഡോളറിനടുത്ത്;  ഇതല്‍പ്പം കൂടുതലല്ലേ എന്ന് ഓഹരിയുടമകള്‍

ആപ്പിള്‍ സിഇഒയുടെ ശമ്പളത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ടിം കുക്ക് ഏകദേശം 100 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത്. ഈ തുക ഒരല്‍പ്പം കൂടുതലല്ലേ എന്നാണ് ഓഹരി ഉടമകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു കമ്പനി ചോദിച്ചിരിക്കുന്നത്. ഇതോടെ ഈ അഭിപ്രായം വോട്ടായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.

പൊതു കമ്പനികളുടെ ഓഹരി ഉടമകള്‍ക്ക് ശമ്പള നിയമങ്ങള്‍ അനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവാദമുണ്ട്. ഇത്തരത്തില്‍ 2021ലെ കുക്കിന്റെ ശമ്പള പാക്കേജിനെതിരെ വോട്ട് ചെയ്യണമെന്നാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഷെയര്‍ഹോള്‍ഡേഴ്സ് സര്‍വീസ് നിര്‍ദ്ദേശിക്കുന്നത്. മുതിര്‍ന്ന ജീവനക്കാരന്റെ ശമ്പള വിഷയത്തില്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്യാം. അങ്ങനെ വന്നാല്‍ കമ്പനിയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമായി അത് മാറുമെന്നും നിര്‍ദ്ദേശിക്കുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ടിം കുക്കിന് 2021ല്‍ 82 ദശലക്ഷം ഡോളര്‍ തുക അനുവദിച്ചത് 'ഗുരുതരമായ ഉത്കണ്ഠ' എന്നാണ് കമ്പനി വിലയിരുത്തിയിരിക്കുന്നത്. ഈ പ്രശ്‌നം മുന്‍നിര്‍ത്തി കുക്കിനെതിരെ വോട്ട് ചെയ്യാനാണ് കമ്പനി ഓഹരി ഉടമകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 3 ദശലക്ഷം ശമ്പളവും 12 ദശലക്ഷം ബോണസും സ്വകാര്യ ജറ്റിന് വേണ്ടി 7,00,000 ഡോളറും സുരക്ഷയ്ക്ക് വേണ്ടി 6,30,000 ഡോളറും ഉള്‍പ്പടെയാണ് ഇത്രയധികം തുക ഉണ്ടായിരിക്കുന്നത്.

ടിം കുക്കിന് കഴിഞ്ഞ വര്‍ഷം 14.8 ദശലക്ഷം നഷ്ടപരിഹാരമായി ലഭിച്ചതാണ്. എന്നാല്‍, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കുക്കിന് ശമ്പളത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍, ആപ്പിളിന്റെ ശരാശരി ജീവനക്കാരന്റെ ശമ്പളത്തിന്റെ 1,400 ഇരട്ടിയിലധികം അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.

സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് പിന്നാലെ ആപ്പിള്‍ തലപ്പത്തേക്ക് ടിം കുക്ക് എത്തിയതോടെ കമ്പനിയുടെ ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ ആപ്പിളിന്റെ ഓഹരികള്‍ 400 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, സൂചികകള്‍ ഇതേ സമയപരിധിയില്‍ ഇത് 90 ശതമാനം മാത്രമാണ് മെച്ചപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ആപ്പിള്‍ സിഇഒ ആയി ചുമതലയേറ്റിട്ട് 10 വര്‍ഷം തികച്ചത്.

മെച്ചപ്പെട്ട ചികിത്സാവധിയും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആപ്പിളിന്റെ റീട്ടെയില്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ദശലക്ഷം ഡോളര്‍ ശമ്പളമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പിന്നീട്, തൊഴിലാളികളുമായുള്ള കരാറില്‍ ഏര്‍പ്പെട്ടതിനേക്കുറിച്ചും ആപ്പിള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകാരം ചികിത്സാവധി നയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും കൂടുതല്‍ വെക്കേഷന്‍ അവധിയും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാല് മുതല്‍ എല്ലാ വിഭാഗത്തില്‍പെടുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved