ആപ്പിള്‍ നിര്‍മ്മാതാക്കളായ പെഗാട്രണും ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു; ചൈനയ്ക്ക് വന്‍ തിരിച്ചടി

July 17, 2020 |
|
News

                  ആപ്പിള്‍ നിര്‍മ്മാതാക്കളായ പെഗാട്രണും ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു; ചൈനയ്ക്ക് വന്‍ തിരിച്ചടി

ആപ്പിളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കരാര്‍ നിര്‍മ്മാതാക്കളാണ് പെഗാട്രണ്‍. ആപ്പിള്‍ കമ്പനിക്കായി ഐഫോണ്‍ നിര്‍മ്മിച്ചുകൊടുക്കുന്നത് ഇവരാണ്. ഇപ്പോള്‍ ഇന്ത്യാ  ചൈന പ്രശ്നം രൂക്ഷമായിരിക്കെ പെഗാട്രണ്‍ ഇന്ത്യന്‍ പക്ഷത്തേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ഐഫോണുകള്‍ നിര്‍മ്മിക്കണം. പെഗാട്രണിന്റെ ലക്ഷ്യമിതാണ്. ഇതിനായി പുതിയ ഉപകമ്പനിയെ പെഗാട്രണ്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. ഐഫോണ്‍ നിര്‍മ്മാണത്തിനായി ചെന്നൈയില്‍ പുതിയ ശാലയ്ക്ക് കമ്പനി തുടക്കമിടുമെന്നാണ് വിവരം.

നിലവില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്. പുതിയ നിര്‍മ്മാണശാലയ്ക്ക് സ്ഥലം ഏറ്റെടുക്കണം. നിര്‍മ്മാണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെന്നൈയില്‍ പെഗാട്രണ്‍ നിര്‍മ്മാണശാല സ്ഥാപിക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് പെഗാട്രണിന്. തായ്വാനാണ് കമ്പനിയുടെ ദേശം. പറഞ്ഞുവരുമ്പോള്‍ ആപ്പിളിനായി ഐഫോണ്‍ നിര്‍മ്മിക്കുന്ന മൂന്നു പ്രധാന കമ്പനികളില്‍ ഒന്നാണിത്. വിസ്ട്രോണും ഫോക്സ്‌കോണുമാണ് മറ്റു രണ്ടുപേര്‍. ഇരു കമ്പനികള്‍ക്കും ഇന്ത്യയില്‍ സാന്നിധ്യമുണ്ട്.

ചൈനയ്ക്ക് പുറത്ത് അടിയുറച്ച വിതരണ ശൃഖല സ്ഥാപിക്കാനുള്ള ആപ്പിളിന്റെ തീരുമാനമാണ് പെഗാട്രണിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചൈന വിട്ടുപോരുന്ന വിദേശ കമ്പനികളെ പരാമവധി ഇങ്ങോട്ടു ആകര്‍ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെയും ലക്ഷ്യം. വലിയ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ നിര്‍മ്മാണശാല തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ 41,000 കോടി രൂപയുടെ പ്രത്യേക പദ്ധതി കേന്ദ്രം ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. പെഗാട്രണിന്റെ കടന്നുവരവ് ഈ പശ്ചാത്തലത്തിലാണ്.

നിലവില്‍ തായ്വാനിലെ ഏറ്റവും വലിയ രണ്ടാമത്തെ കരാര്‍ നിര്‍മ്മാതാക്കളാണ് പെഗാട്രണ്‍. ഹോണ്‍ ഹായി പ്രെസിഷന്‍ ഇന്‍ഡസ്ട്രി എന്നറിയപ്പെടുന്ന ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പാണ് ആദ്യത്തേത്. നോട്ട്ബുക്കുകള്‍, ഡെസ്‌ക്ടോപുകള്‍ മതര്‍ബോര്‍ഡുകള്‍, ടാബ്ലറ്റുകള്‍, ഗെയിം കണ്‍സോളുകള്‍, എല്‍സിഡി ടിവികള്‍, മള്‍ട്ടിമീഡിയ പ്ലേയറുകള്‍, സ്മാര്‍ട്ഫോണുകള്‍, ബ്രോഡ്ബാന്‍ഡ്/നെറ്റ്വര്‍ക്കിങ് ഉപകരണങ്ങള്‍ തുടങ്ങിയ വൈവിധ്യമായ ഉത്പന്ന നിര പെഗാട്രണിനുണ്ട്.

ആപ്പിളിന്റെ കാര്യമെടുത്താല്‍ പോയവര്‍ഷം 1.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലുള്ള കമ്പനിയുടെ വിറ്റുവരവ്. ഇതില്‍ ഐഫോണ്‍ വില്‍പ്പന മാത്രം 1 ബില്യണ്‍ ഡോളറിനരികെ എത്തിനില്‍ക്കും. എന്നാല്‍ ഐഫോണുകളില്‍ ഭൂരിപക്ഷവും ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഈ ചിത്രം മാറ്റാന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നു. നിലവില്‍ വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍ കമ്പനികള്‍ രാജ്യത്ത് തദ്ദേശീയമായി ഐഫോണ്‍ 7, തഞ മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ ആപ്പിളിന്റെ വിപണി വിഹിതമാകട്ടെ രണ്ടു മുതല്‍ മൂന്നു ശതമാനം വരെയേ ഉള്ളൂ. ഇതേസമയം, പ്രീമിയം ഫോണുകളുടെ വിഭാഗത്തില്‍ ആപ്പിളിനാണ് മേധാവിത്വം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved