
ആപ്പ് സ്റ്റോര്‍ ഉപയോഗിച്ച് സോഫ്റ്റ്വെയറുകളും അനുബന്ധ സേവനങ്ങളും വില്‍ക്കുന്ന ചെറുകിട കമ്പനികള്‍ക്കുള്ള ഫീസ് കുറച്ച് ആപ്പിള്‍. 2008 ല്‍ ആപ്പ് സ്റ്റോര്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ വന്‍തോതില്‍ വരുമാന ഘടനയില്‍ മാറ്റം വരുത്താന്‍ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പള്‍ തയാറാവുന്നത്.
ആപ്പ് സ്റ്റോറില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ നിന്ന് ഒരു ദശലക്ഷം ഡോളറില്‍ താഴെ വാര്‍ഷിക വരുമാനം നേടുന്ന കമ്പനികള്‍ക്കുള്ള ഫീസ് 15 ശതമാനമാക്കി. നേരത്തേ ഇത് 30 ശതമാനമായിരുന്നു. പുതുതായി ആപ്പ്സ്റ്റോറില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആപ്പ്സ്റ്റോര്‍ സ്മോള്‍ ബിസിനസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ചത്. 2021 ജനുവരി ഒന്നു മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരും. ആപ്പ് സ്റ്റോറിലെ ഭൂരിഭാഗം ഡെവലപര്‍മാരും ഈ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളായിരിക്കുമെന്ന് കമ്പനി പറയുന്നു.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള തീരുമാനം ചെറുകിട ഡെവലപര്‍മാര്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ തന്നെ, ആപ്പ് സ്റ്റോര്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം നല്‍കേണ്ടി വരുന്നതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സമാനമായ രീതിയില്‍ ആന്‍ഡ്രോയ്ഡ് ആപ്പ് സ്റ്റോറായ ഗൂഗ്ള്‍ പ്ലേസ്റ്റോറും ഡെവലപര്‍മാരില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്.
2020 ല്‍ വിവിധ സര്‍വീസ് ബിസിനസുകളിലൂടെ ആപ്പള്‍ നേടിയത് 54 ബില്യണ്‍ ഡോളറാണ്. ആപ്പ് സ്റ്റോര്‍ മാത്രം 2021 സാമ്പത്തിക വര്‍ഷം 18.7 ബില്യണ്‍ ഡോളര്‍ നേടുമെന്നും കണക്കുകൂട്ടുന്നു. ഫീസ് കുറച്ച നടപടിയിലൂടെ ആപ്പ്ളിന്റെ വരുമാനത്തില്‍ 600 മില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.