
കൊറോണ വൈറസ് കേസുകള്‍ കൂടുതലുള്ള നാല് സ്ഥലങ്ങളിലെ സ്റ്റോറുകള്‍ അടയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് തീരുമാനമുണ്ടായത്. അരിസോണയില്‍ ഏഴ്, ഫ്‌ലോറിഡയില്‍ രണ്ട്, നോര്‍ത്ത് കരോലിനയില്‍ രണ്ട്, സൗത്ത് കരോലിനയില്‍ ഒന്ന് എന്നിങ്ങനെ 11 സ്റ്റോറുകളാണ് അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ച അറിയിച്ചത്. ഇവയെല്ലാം കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് തുറന്നത്.
മറ്റ് പല പ്രധാന യുഎസ് റീട്ടെയിലര്‍മാരെയും പോലെ ആപ്പിളും മാര്‍ച്ചില്‍ യുഎസിലെ എല്ലാ സ്ഥലങ്ങളും അടച്ചുപൂട്ടിയിരുന്നു. അതേസമയം കൊറോണ വൈറസ് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ആ ആശങ്കകള്‍ വാള്‍സ്ട്രീറ്റിലെ ഓഹരികളിലും പ്രകടമാണ്. കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ പ്രാദേശിക അധികാരികള്‍ നിര്‍ബന്ധിതമായി അടച്ചില്ലെങ്കില്‍ എല്ലാ വ്യാപാരങ്ങളും തുറന്നിരിക്കുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.