
ഡിസംബറില്‍ അവസാനിച്ച ഹോളിഡേ ത്രൈമാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വില്‍പ്പനയും ലാഭവും നേടി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. പ്രവചനങ്ങളെ പോലും മറികടന്ന് 11 ശതമാനം (123.9 ബില്യണ്‍ ഡോളര്‍) അധിക വില്‍പ്പനയാണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആപ്പിളിനുണ്ടായത്. ലാഭത്തില്‍ 20 ശതമാനം (34.6 ബില്യണ്‍ ഡോളര്‍) വളര്‍ച്ചയുണ്ടായതായും കമ്പനി അറിയിച്ചു.
ഐഫോണിനുണ്ടായ വമ്പന്‍ ഡിമാന്റാണ് പ്രതിസന്ധിക്കാലത്തും കമ്പനിയെ ഉയര്‍ച്ചയിലെത്തിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആപ്പിളിന്റെ ഷെയര്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധിച്ച് 164.30 ഡോളറിലെത്തി. അതേസമയം, ഈ വര്‍ഷം ആപ്പിളിന്റെ മൊത്തം ഷെയറില്‍ 10 ശതമാനം ഇടിവുണ്ടായിരുന്നു. നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമായ ഇടം തേടിപ്പോയതും വലിയ രീതിയില്‍ പിന്‍വലിക്കലുകള്‍ ഉണ്ടായതുമാണ് കാരണം. എങ്കിലും ആപ്പിളിന്റെ വിപണി മൂല്യം ജനുവരിയോടെ 3 ട്രില്യണ്‍ എന്ന മാന്ത്രിക സംഖ്യയില്‍ എത്തുകയും ചെയ്തു.
വിപണിയില്‍ 1.8 ബില്യണ്‍ ആക്ടീവ് ഡിവൈസുകളോടെയാണ് ആപ്പിള്‍ കുതിക്കുന്നത്. കോവിഡ് കാരണം ലോകമെങ്ങും ടെക് കമ്പനികളും മോട്ടോര്‍ കമ്പനികളും ചിപ്പ് ക്ഷാമം നേരിടുകയും ഉല്‍പ്പാദനം വെട്ടിക്കുറക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് വില്‍പ്പനയിലും ലാഭത്തിലും ആപ്പിള്‍ വര്‍ധന രേഖപ്പെടുത്തിയത്. മൈക്രോചിപ്പുകളുടെ ലഭ്യതക്കുറവ് കാരണം ഉല്‍പ്പാദനവും വില്‍പ്പനയും കുറക്കുമെന്ന് കഴിഞ്ഞവര്‍ഷം ആപ്പിള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി ആപ്പിള്‍ ഭംഗിയായി മറികടന്നുവെന്നാണ് ത്രൈമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നത്. മാക് വില്‍പ്പനയിലും 12 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
ഒക്ടോബര്‍- ഡിസംബര്‍ ത്രൈമാസം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വില്‍പ്പന തുടങ്ങിയ ഐഫോണ്‍ 13 നിലൂടെ 71.6 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ആപ്പിളിന് ലഭിച്ചത്. കൂടാതെ, സര്‍വീസ് വിഭാഗത്തിലും വലിയ വില്‍പ്പനയുണ്ടായി. ആപ്പിള്‍ പേ, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ ടിവി തുടങ്ങിയ സേവനങ്ങളുടെ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധനയാണുണ്ടായത്. ഐ പാഡ് വില്‍പ്പനയില്‍ മാത്രമാണ് ആപ്പിളിന് നഷ്ടക്കണക്ക് കാണിക്കാനുള്ളത്. 14 ശതമാനം ഇടിവാണ് ഐ പാഡ് വില്‍പ്പനയിലുണ്ടായത്. ചെയ്തതിന്റെ ആപ്പിളിന്റെ ഡിമാന്റില്‍ വന്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 20 ശതമാനം കൂടുതല്‍ വില്‍പ്പനയാണ് ചൈനയില്‍ മാത്രം നടന്നത്.
ചിപ്പ് ക്ഷാമം കാരണം മറ്റു കമ്പനികളുടെ പ്രതിസന്ധിയിലാവുമെന്ന സൂചന മുന്‍കൂട്ടി കണ്ട് തങ്ങളുടെ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തിയതാണ് ആപ്പിളിന്റെ വിജയത്തില്‍ കാണുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 'മറ്റെല്ലാവരെക്കാളും സപ്ലെ ചെയ്നില്‍ ആപ്പില്‍ കൃത്യമായ വഴികാട്ടുകയും അത് ഫലത്തില്‍ കാണുകയും ചെയ്തു'- സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റ് ഗവേഷകന്‍ റയാന്‍ റെയ്ത്ത് പറഞ്ഞു.