
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി ഭരിച്ചിരുന്ന വണ്‍ പ്ലസിനെ അട്ടിമറിച്ച് കുതിപ്പുമായി ആപ്പിള്‍. ആഭ്യന്തര വിപണിയില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നേട്ടമാണ് ആപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണയില്‍ പരീക്ഷിച്ച പുതിയ തന്ത്രങ്ങളും കട്ടിംഗ് എഡ്ജ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നതുമാണ് ആപ്പിളിന് തുണയായത്. പുതിയ ഫോണുകള്‍ പുറത്തിറക്കാതെ തന്നെ വണ്‍ പ്ലസ്സിനെ പ്രീമിയം സെഗ്മെന്റില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ആപ്പിള്‍ വീഴ്ത്തിയിരിക്കുകയാണ്.
ഇന്ത്യയില്‍ രണ്ടാം പാദത്തില്‍ ഉണ്ടായ വില്‍പ്പനയിലെ കുതിപ്പ് ചരിത്രപരമാണ് എന്ന് ആപ്പിള്‍ ഇന്‍ക് ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് പറഞ്ഞു. സാധാരണയായി സെപ്റ്റംബര്‍ പാദത്തില്‍ അമേരിക്കയിലും യൂറോപ്പിലും മറ്റ് ഏഷ്യാ-പസഫിക് രാജ്യങ്ങളിലുമാണ് ആപ്പിള്‍ വില്‍പ്പനയില്‍ കുതിപ്പ് നടത്താറുളളത്. ഇന്ത്യയിലെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയ്ക്കും ടിം നന്ദി പറഞ്ഞു.
ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ ഈ കാലത്ത് പുറത്തിറക്കിയിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെ വില്‍പനയെ അത് ബാധിച്ചിട്ടില്ല. അതേസമയം ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ ബിസ്സിനസ്സിനെ കാര്യമായി തന്നെ ബാധിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ആപ്പിളിനെ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക് എത്തിച്ചതില്‍ മുന്‍പന്തിയിലുളളത് ഐ ഫോണ്‍ 11 സീരീസും ഐ ഫോണ്‍ എസ്ഇ(2020)മാണ്.
ഇന്ത്യയിലെ ആപ്പിളിന്റെ വില്‍പ്പന എത്രയാണെന്ന് ടിം കുക്ക് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വിപണി വിശകലന സ്ഥാപനമായ കാനലിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തിയത് 800,000 ഐഫോണുകളാണ്. ആപ്പിള്‍ ഒടുവില്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കാനലിസ് റിസര്‍ച്ച് ഡയറക്ടര്‍ ആയ റിഷഭ് ദോഷി പറയുന്നു. ഓണ്‍ലൈന്‍ സ്റ്റോര്‍ തുറന്നതും പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പരീക്ഷിച്ചതും ആണ് ആപ്പിളിന്റെ വില്‍പ്പന ഉയരാനുളള കാരണമെന്നും റിഷഭ് ദോഷി ചൂണ്ടിക്കാട്ടുന്നു.
കൊവിഡും ലോക്ക്ഡൗണും ആപ്പിളിന്റെ വില്‍പ്പന ഉയരാന്‍ കാരണമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം ആളുകള്‍ കൂടുതല്‍ സമയവും വീടുകളില്‍ തുടരുന്നതും ഓണ്‍ലൈന്‍ ക്ലാസ്സുകളും വീട്ടിലിരുന്നുളള ഓഫീസ് ജോലികളുമെല്ലാം സ്മാര്‍ട്ട് ഫോണുകള്‍ക്കും നോട്ട്ബുക്കിനുമുളള ആവശ്യം ഉയര്‍ത്തി. മെയ് മുതല്‍ തന്നെ മാക് ബുക്കിന്റെ വില്‍പനയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.