
കൊച്ചി: തിങ്കളാഴ്ചയാണ് മൂന്ന് ലക്ഷം കോടി ഡോളറിന് മുകളില്‍ ആപ്പിള്‍ വിപണി മൂല്യം ഉയര്‍ന്നത്. കോര്‍പ്പറേറ്റ് ലോകത്ത് ആദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യം മൂന്ന് ലക്ഷം ഡോളര്‍ കടക്കുന്നത്. എന്നാല്‍ പിന്നീട് വിപണി മൂല്യം ഇടിഞ്ഞെങ്കിലും ആപ്പിള്‍ റെക്കോര്‍ഡ് നേട്ടം തുടരും. കൊവിഡ് കാലത്തും പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നേറാന്‍ ആപ്പിളിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസത്തേ ട്രേഡിംഗില്‍ ആപ്പിള്‍ ഓഹരികള്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 182.88 ഡോളറിലെത്തി. ഒക്ടോബര്‍ ആദ്യം മുതല്‍, ആപ്പിള്‍ വിപണി മൂല്യം കുതിക്കുകയാണ്. മൂന്ന് മാസം കൊണ്ട് ഏകദേശം 70,000 കോടി ഡോളറിലധികമാണ് വിപണി മൂല്യം ഉയര്‍ന്നത്. കഴിഞ്ഞ ഒറ്റ മാസം കൊണ്ട് ആപ്പിള്‍ ഓഹരികള്‍ 13 ശതമാനമാണ് ഉയര്‍ന്നത്.
ഐഫോണ്‍ നിര്‍മ്മാതാക്കളുടെ ഓഹരി വില വര്‍ഷങ്ങളായി മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. 2020 ന്റെ തുടക്കത്തില്‍ 200 ശതമാനത്തിലധികം ഓഹരി വില ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോകം ആദ്യമായി ലോക്ക്ഡൗണിലേക്ക് തിരിഞ്ഞതിനുശേഷം മറ്റ് കമ്പനികള്‍ തളര്‍ന്നപ്പോഴും ആപ്പിള്‍ ഓഹരികള്‍ 200 ശതമാനത്തിലധികം ഉയര്‍ന്നു. ആപ്പിള്‍ ഉത്പന്നങ്ങളിലൂടെയും ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സേവനങ്ങളിലൂടെയും ആപ്പിള്‍ വിപണി കീഴടക്കി മുന്നേറുകയാണ്. ആപ്പിള്‍ വിപണി മൂല്യം രണ്ട് ലക്ഷം കോടി ഡോളര്‍ കടന്ന് ഏകദേശം 17 മാസങ്ങള്‍ക്ക് ശേഷമാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ ആയി ഉയരുന്നത്. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ആപ്പിള്‍.
പ്രതിസന്ധികള്‍ക്കിടയിലും കൃത്യമായി ആസൂത്രണത്തോടെ മുന്നോട്ട് പോകുന്നതാണ് ആപ്പിളിന് മുതല്‍ക്കൂട്ടായത്. ഐഫോണ്‍ ഡിമാന്‍ഡ് കുറയുന്നതും ചിപ്പുകളുടെ ക്ഷാമവുമൊക്കെ ആപ്പിളിന് വെല്ലുവിളിയാകുന്നുണ്ട്. യുസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളും ആപ്പിളിനെ സംബന്ധിച്ച് അത്ര സുഖകരമല്ല. എന്നാല്‍ നിക്ഷേപകരുടെ പിന്തുണ ആപ്പിളിനുണ്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള ജനപ്രീതി തന്നെയാണ് പ്രധാന കാരണം. ഐഫോണ്‍ ഡിമാന്‍ഡ് ഇടിയുമ്പോഴും പുതിയ ഉല്‍പ്പന്നങ്ങള്‍സ്ഥിരമായ വില്‍പ്പന വളര്‍ച്ച നിലനിര്‍ത്തുന്നുണ്ടെന്നതും ശ്രദ്ധേയം. കമ്പനിയുടെ ശക്തമായ അടിത്തറയും ആപ്പിള്‍ ഓഹരികള്‍ കുതിക്കാനുള്ള ഒരു കാരണമാണ്.
നിലവിലെ സാഹചര്യത്തില്‍ ആപ്പിള്‍ വിപണി മൂല്യം ഒരിക്കലും മൂന്ന് ലക്ഷം കോടി ഡോളര്‍ കടക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ചില ഫണ്ട് മാനേജര്‍മാരുടെ പ്രതികരണം. അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷം വരെ ആപ്പിളിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്ന നേട്ടമാണിതെന്നാണ് പോര്‍ട്ട്‌ഫോളിയോ അനലിസ്റ്റുകളുടെ പ്രതികരണം. സ്ഥിരതയുള്ള ഐഫോണ്‍ ഫ്രാഞ്ചൈസിയും പുതിയ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വളര്‍ച്ചയും ആപ്പിള്‍ കുതിപ്പു തുടരാന്‍ കാരണമായേക്കും. മികച്ച വളര്‍ച്ചക്ക് സാധ്യതയുള്ള ഓഹരിയായി തന്നെയാണ് ആപ്പിള്‍ ഓഹരികള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.