
പകര്‍ച്ചവ്യാധിയെ തുടര്‍ന്നുളള ധനകാര്യ-വ്യവസായ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ വിദേശ നിക്ഷേപകരുടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി തുടരുന്നു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എഫ്ഡിഐ നിക്ഷേപ വരവ് 15 ശതമാനം ഉയര്‍ന്ന് 30 ബില്യണ്‍ ഡോളറായി (2.2 ട്രില്യണ്‍ രൂപ). കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ മൊത്തം എഫ്ഡിഐ വരവ് 26 ബില്യണ്‍ ഡോളറായിരുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രീ ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകള്‍ പ്രകാരം മൗറീഷ്യസും സിംഗപ്പൂരുമാണ് ഇന്ത്യയിലേക്കുളള എഫ്ഡിഐയുടെ ഏറ്റവും വലിയ ഉറവിടങ്ങള്‍. യഥാക്രമം 29 ശതമാനവും 21 ശതമാനവുമാണ് ഇരുരാജ്യങ്ങളില്‍ നിന്നുമുളള എഫ്ഡിഐ വരവ്.
യുഎസ്, നെതര്‍ലാന്റ്‌സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഏഴ് ശതമാനം വീതം ഇന്ത്യന്‍ എഫ്ഡിഐയിലേക്ക് സംഭാവന നല്‍കി. സേവന മേഖലയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ നിക്ഷേപം നേടിയെടുത്തത്. സേവന മേഖലയില്‍ തന്നെ ധനകാര്യം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഔട്ട് സോഴ്‌സിംഗ്, ആര്‍&ഡി എന്നിവയിലേക്കാണ് അവലോകന കാലയളവിലെ എഫ്ഡിഐ ഇക്വിറ്റി വരവിന്റെ 17 ശതമാനം വിഹിതവും ലഭിച്ചത്.
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ക്ക് 12 ശതമാനം എഫ്ഡിഐയും ടെലികോം മേഖലയ്ക്ക് ഏഴ് ശതമാനവും ലഭിച്ചു. സംസ്ഥാനങ്ങളില്‍ ഗുജറാത്താണ് ഏറ്റവും ഉയര്‍ന്ന എഫ്ഡിഐ ഇക്വിറ്റി വരവ് നേടിയെടുത്തത്. ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ മൊത്തം ഫണ്ടിന്റെ 35 ശതമാനം ഗുജറാത്താണ് നേടിയെടുത്തത്. മഹാരാഷ്ട്ര (20 ശതമാനം), കര്‍ണാടക (15 ശതമാനം), ഡല്‍ഹി (12 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും ഇന്ത്യയും വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാനുളള നടപടികള്‍ പ്രഖ്യാപിച്ചതാണ് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കാനിടയാക്കിയത്. കരാര്‍ നിര്‍മ്മാണം, കല്‍ക്കരി ഖനനം, പ്രതിരോധം തുടങ്ങി നിരവധി മേഖലകളില്‍ എഫ്ഡിഐയ്ക്കുള്ള ഉദാരവല്‍ക്കരണ നടപടികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.