സംഗീതത്തിനായി എന്‍എഫ്ടി പ്ലാറ്റ്ഫോം; എആര്‍ റഹ്മാന്‍ പദ്ധതിയുമായി സഹകരിക്കും

January 07, 2022 |
|
News

                  സംഗീതത്തിനായി എന്‍എഫ്ടി പ്ലാറ്റ്ഫോം;  എആര്‍ റഹ്മാന്‍ പദ്ധതിയുമായി സഹകരിക്കും

ഇന്ത്യയിലെ മ്യൂസിക്ക് കമ്മ്യൂണിറ്റിക്കായി എച്ച്ബിആര്‍ ഫൗണ്ടേഷന്‍ എന്‍എഫ്ടി പ്ലാറ്റ്ഫോം ആരംഭിക്കും. പ്രമുഖ സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എആര്‍ റഹ്മാന്‍ പദ്ധതിയുമായി സഹകരിക്കും. എആര്‍ റഹ്മാന്റെ ജന്മദിനമായിരുന്ന ഇന്നലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്‍എഫ്ടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയ്ക്കായി ഗ്രാന്റും മറ്റ് പിന്തുണയും നല്‍കുന്ന ഫൗണ്ടേഷനാണ് എച്ച്ബിആര്‍. പുതിയ എന്‍എഫ്ടി പ്ലാറ്റ്ഫോം ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി എആര്‍ റഹ്മാന്‍ തന്റെ ആദ്യ എന്‍എഫ്ടി ഡ്രോപ്പും പുറത്തിറക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. പ്ലാറ്റ്ഫോമിലെ കണ്ടന്റുകള്‍ക്കായി എച്ച്ബിഎര്‍ ഫൗണ്ടേഷനുമായി സഹകരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇത് ഇന്ത്യയിലെ സംഗീത സമൂഹത്തിന് കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും എആര്‍ റഹ്മാന്‍ പറഞ്ഞു.

ഡിജിറ്റല്‍ കലാസൃഷ്ടികള്‍ വില്‍ക്കുന്ന ബ്ലോക്ക് ചെയിന്‍ അധിഷ്ടിത പ്ലാറ്റ്ഫോമുകളാണ് എന്‍എഫ്ടി. ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ തുടങ്ങി എന്തും ഡിജിറ്റലായി എന്‍എഫ്ടി പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പന നടത്താം. ക്രിപ്റ്റോ കറന്‍സികളിലാണ് ഇടപാടുകള്‍ നടക്കുന്നത്. പല എന്‍എഫ്ടി പ്ലാറ്റ്ഫോമുകളും വിവിധ ക്രിപ്റ്റോകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട ഒന്ന് എഥറിയം ആണ്. എന്‍എഫ്ടി പ്ലാറ്റ്ഫോം എത്തുന്നതോടെ രാജ്യത്തെ മ്യൂസിക് ക്രിയേറ്റര്‍മാര്‍ക്ക് മികച്ച വരുമാനം നേടാനുള്ള അവസരമാണ് ലഭിക്കുക.

Related Articles

© 2025 Financial Views. All Rights Reserved