
ദുബായ്: ദുബായ് ആസ്ഥാനമായ ലോജിസ്റ്റിക്സ് കമ്പനി അരാമെക്സിന്റെ ആദ്യപാദ ലാഭത്തില്‍ 38 ശതമാനം ഇടിവ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ചരക്ക്നീക്ക ചിലവുകള്‍ വര്‍ധിച്ചതാണ് ലാഭം 67.4 മില്യണ്‍ ദിര്‍ഹമായി കുറയാനുള്ള കാരണം. വരുമാനം മൂന്ന് ശതമാനം കുറഞ്ഞ് 1,196 മില്യണ്‍ ദിര്‍ഹമായതായി കമ്പനി അറിയിച്ചു.
വിവിധ സേവന മേഖലകളില്‍ വ്യത്യസ്തരീതിലുള്ള ആഘാതമാണ് പകര്‍ച്ചവ്യാധി ഉണ്ടാക്കിയതെന്ന് അരാമെക്സ് പറഞ്ഞു. പ്രത്യേകിച്ച് അന്താരാഷ്ട്ര ബിസിനസില്‍. പകര്‍ച്ചവ്യാധി ബിസിനസില്‍ ഉണ്ടാക്കിയ ആഘാതം എത്രത്തോളമാണെന്നും അത് എത്രകാലം നീണ്ടുനില്‍ക്കുമെന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് കമ്പനി സിഇഒ ബഷെര്‍ ഒബെയ്ദ് പറഞ്ഞു. 'എന്നിരുന്നാലും, പകര്‍ച്ചവ്യാധിയുടെ അനന്തരഫലമായി ഉപഭോക്താക്കളുടെ ഷോപ്പിംഗ് സ്വഭാവത്തിലും ഇ-കൊമേഴ്സ് പ്രവണതകളിലുമുള്ള വലിയ മാറ്റം വരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ബിസിനസ് ചിലവുകളിലും വര്‍ധന ഉണ്ടായി' ഒബെയ്ദ് പറഞ്ഞു.
പൊതുവെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ ഡിമാന്‍ഡ് തകര്‍ച്ചയും വ്യോമഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ടി വന്ന കൂടുതല്‍ സങ്കീര്‍ണവും ചിലവേറിയതുമായ ഷിപ്പ്മെന്റ് റൂട്ടുകളും ഇന്റെര്‍നാഷണല്‍ എക്സ്പ്രസ്, ചരക്ക് നീക്കം എന്നീ ബിസിനസുകളെ ദോഷകരമായി ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. ആ സേവനമേഖലകളിലെ ലാഭത്തെയും അത് ബാധിച്ചിട്ടുണ്ട്. അതേസമയം ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ കമ്പനി ആദ്യപാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഡൊമസ്്റ്റിക് എക്സ്പ്രസ് വിഭാഗത്തിലുള്ള ചരക്ക്നീക്കത്തില്‍ പ്രധാന വിപണികളില്‍ 21 ശതമാനം, 34 ശതമാനം വീതം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. ഡൊമസ്റ്റിക് എക്സ്പ്രസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ മേഖലകളില്‍ കഴിഞ്ഞ പാദത്തില്‍ കമ്പനി സജീവമായിരുന്നുവെന്ന് ഒബെയ്ദ് പറഞ്ഞു.