2000 രൂപ നോട്ട് 2 വര്‍ഷമായി അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

March 17, 2021 |
|
News

                  2000 രൂപ നോട്ട് 2 വര്‍ഷമായി അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടായിരം രൂപ നോട്ട് രണ്ട് വര്‍ഷമായി അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ അച്ചടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് മറുപടി നല്‍കിയത്. 2018 മാര്‍ച്ച് 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 3362 ദശലക്ഷം 2000 രൂപ നോട്ടുകളാണ് വിതരണത്തിലുള്ളത്.

എണ്ണത്തിന്റെ കണക്കില്‍ 3.27 ശതമാനവും വിതരണത്തിലുള്ള കറന്‍സികളുടെ ആകെ മൂല്യത്തിന് 37.26 ശതമാനവും വരുമിത്. 2021 ഫെബ്രുവരി 26 ലെ കണക്ക് പ്രകാരം 2499 ദശലക്ഷം 2000 രൂപ നോട്ടുകള്‍ വിപണിയിലുണ്ട്. കറന്‍സി അച്ചടിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരാണ് റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപ്പിലാക്കുന്നത്. രാജ്യത്തെ വിപണിയില്‍ കറന്‍സികളുടെ ബാലന്‍സ് തെറ്റാതെ നോക്കുക പ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറയുന്നു.

3542.991 ദശലക്ഷം 2000 നോട്ട് വിപണിയിലുണ്ടെന്നായിരുന്നു റിസര്‍വ് ബാങ്ക് മുന്‍പ് പറഞ്ഞത്. 2019 ഏപ്രില്‍ മാസത്തിന് ശേഷം പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചിട്ടില്ല. കള്ളപ്പണം തടയുക, വിപണിയിലെ കറന്‍സി ബാലന്‍സിങ് നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്.

Related Articles

© 2024 Financial Views. All Rights Reserved