
ആറ് മാസത്തിനിടെ 290 ശതമാനത്തോളം വളര്‍ച്ചയുമായി നിക്ഷേപകര്‍ക്ക് വന്‍ നേട്ടം സമ്മാനിച്ചിരിക്കുകയാണ് ടെക്ക് കമ്പനിയായ ഹാപ്പിയെസ്റ്റ് മൈന്റ്സ് ടെക്നോളജീസ് ലിമിറ്റഡ്. ആറ് മാസത്തിനിടെ ഓഹരിയില്‍ വിലയില്‍ 10,42 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ജനുവരി 25 ന് 359 രൂപയുണ്ടായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് (23072021, 11.17ന്) 1401.55 രൂപയായാണ് ഉയര്‍ന്നത്. ജൂലൈ 16 ന് ഏറ്റവും ഉയര്‍ന്ന തോതായ 1,526 രൂപയിലുമെത്തി. ഈ വര്‍ഷം ആദ്യത്തില്‍ 300-400 രൂപയ്ക്കിടയില്‍ ചാഞ്ചാടിയിരുന്ന ഹാപ്പിയെസ്റ്റ് മൈന്റ്സ് ടെക്നോളജീസിന്റെ ഓഹരി വില ഫെബ്രുവരിയിലാണ് ഉയര്‍ന്നുതുടങ്ങിയത്. കോവിഡ് രണ്ടാം തരംഗം വ്യാപകമായപ്പോഴും കുതിപ്പ് തുടര്‍ന്നു.
ഓഹരി വിപണിയില്‍ മൂല്യം ഉയര്‍ന്നതോടൊപ്പം റീട്ടെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായത്. 2021 ജൂണില്‍ അവസാനിച്ച പാദത്തില്‍ 1.35 ലക്ഷം ആളുകളാണ് ഹാപ്പിയെസ്റ്റ് മൈന്റ്സ് ടെക്നോളജീസിലേക്ക് നിക്ഷേപിച്ചത്. ഇതോടെ റീട്ടെയ്ല്‍ നിക്ഷേപം 16.96 ശതമാനത്തില്‍ നിന്ന് 23.02 ശതമാനമായി ഉയര്‍ന്നു. ഒടിടി വിഭാഗത്തില്‍ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ എന്നിവയില്‍ ശക്തമായ പങ്കാളിത്തത്തോടെ തുടരുന്ന ഹാപ്പിയെസ്റ്റ് മൈന്റ്സ് ടെക്നോളജീസ് കൊക്ക കോളയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ പാദങ്ങളിലുണ്ടായ കമ്പനിയുടെ ശക്തമായ പെര്‍ഫോമന്‍സാണ് ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം ഉയര്‍ത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അറ്റാദായത്തില്‍ 580 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ഈ സാമ്പത്തികവര്‍ഷം ഇത് തുടരുമെന്നും 20 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.