രാജ്യത്തെ 40 ശതമാനം റെസ്റ്റോറന്റുകളും അടച്ചുപൂട്ടുമെന്ന് സൊമാറ്റോ റിപ്പോര്‍ട്ട്

August 20, 2020 |
|
News

                  രാജ്യത്തെ 40 ശതമാനം റെസ്റ്റോറന്റുകളും അടച്ചുപൂട്ടുമെന്ന് സൊമാറ്റോ റിപ്പോര്‍ട്ട്

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഭക്ഷ്യ വിതരണ വ്യവസായം ഒരു പരിധി വരെ കരകയറിയിട്ടുണ്ടെങ്കിലും കോവിഡ് പൂര്‍വ നിലവാരത്തിലെത്താന്‍ ഇനിയും 2-3 മാസങ്ങള്‍ എടുക്കും. എന്നാല്‍, ഡൈനിംഗ് ഔട്ട് വിഭാഗത്തെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചതിനാല്‍ പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. കോവിഡ് 19 മഹാമാരി മൂലമുണ്ടായ തടസ്സത്തെത്തുടര്‍ന്ന് രാജ്യത്തെ 40 ശതമാനം റെസ്റ്റോറന്റുകളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഫുഡ് ഡെലിവറി, റെസ്റ്റോറന്റ് ഡിസ്‌കവറി കമ്പനിയായ സൊമാറ്റോയുടെ റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ 17 ശതമാനം ഡൈനിംഗ് ഔട്ട് റെസ്റ്റോറന്റുകള്‍ മാത്രമാണ് ബിസിനസിനായി തുറന്നിരിക്കുന്നതെന്ന് സൊമാറ്റോ സര്‍വേ കണ്ടെത്തി. സ്ഥിതി മെച്ചപ്പെട്ടാല്‍ 43 ശതമാനം കൂടി തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന നഗരങ്ങളില്‍, 29 ശതമാനത്തോടെ കൊല്‍ക്കത്തയാണ് മുന്നില്‍. 21 ശതമാനം റെസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് തൊട്ടുപുറകിലുണ്ട്. കൊവിഡിന് ശേഷമുള്ള ഘട്ടത്തില്‍ പോലും ഏതാനും മാസത്തേക്ക് യഥാര്‍ത്ഥ ബിസിനസ് വോളിയത്തിന്റെ പകുതിയില്‍ താഴെ മാത്രമേ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് 60 ശതമാനം റെസ്റ്റോറന്റ് ബിസിനസുകാരും പറയുന്നു. എന്നിരുന്നാലും ഭക്ഷ്യ വിതരണ വിഭാഗത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി മെച്ചപ്പെട്ടതാണ്.

ഇത് കൊവിഡ് പൂര്‍വ ഗ്രോസ് മര്‍ച്ചെഡൈസ് മൂല്യത്തിന്റെ (ജിഎംവി) 75-80 ശതമാനം മൊത്തത്തിലുള്ള മേഖല ക്ലോക്ക് ചെയ്തതോടെ വലിയ തോതില്‍ വീണ്ടെടുക്കപ്പെട്ടു. 'ചില നഗരപ്രദേശങ്ങളില്‍ മുമ്പത്തേക്കാള്‍ ഉയര്‍ന്ന ജിഎംവി ക്ലോക്ക് ചെയ്യുന്നുണ്ട്. കാരണം, ആളുകള്‍ക്ക് ഭക്ഷണ വിതരണത്തില്‍ പകര്‍ച്ചവ്യാധി ആശങ്കയില്ല. മാത്രമല്ല, ഇക്കൂട്ടര്‍ വീട്ടിലുള്ള വിനോദത്തെ പുറമെയുള്ള ഭക്ഷണവുമായി സംയോജിപ്പിക്കുന്നു,' റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. മാര്‍ച്ച് 25 -ന് രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനുശേഷം 70 ദശലക്ഷം ഭക്ഷ്യ വിതരണ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയതായും സൊമാറ്റോ പറയുന്നു. വ്യവസായത്തിന്റെ നിലവിലെ അവസ്ഥയും ഭാവി കാഴ്ചപ്പാടും മനസിലാക്കാന്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന് റെസ്റ്റോറന്റുകളിലേക്കും ഉപഭോക്താക്കളിലേക്കും സൊമാറ്റോ എത്തിച്ചേര്‍ന്നതിന് ശേഷമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സര്‍വേ നടത്തിയത്. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത ഉപഭോക്താക്കളുടെയും റെസ്റ്റോറന്റുകളുടെയും എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved