
പ്രമുഖ ഓണ്‍ലൈന്‍ റൂം ബുക്കിങ് സംരംഭമായ ഓയോറൂംസിന് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ തിരിച്ചടി. വിവിധ നഗരങ്ങളിലായി 700ഓളം ഹോട്ടലുകളാണ് ഓയോയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഓയോറൂംസുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ സെക്രട്ടറി പ്രദീപ് ഷെട്ടി അറിയിച്ചു. ഓയോ ഹോട്ടലുകള്‍ക്ക് കൃത്യമായി പേയ്‌മെന്റ് നല്‍കുന്നില്ലെന്നും കരാറുകള്‍ പാലിക്കുന്നില്ലെന്നും ഹോട്ടലുടമകള്‍ ആരോപിച്ചു.
അമിതചാര്‍ജ് ഈടാക്കുന്നതും കരാര്‍ലംഘനവും സംബന്ധിച്ച ഓയോറൂമിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ അടുത്തിടെ ഹോട്ടല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. ഓയോ റൂംസിനെതിരെ എഫ്എച്ച്ആര്‍ഐ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രദീപ് ഷെട്ടി അറിയിച്ചു. ഓയോറൂംസുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും ഓയോറൂംസിന്റെ ആപ്പില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ ലിസ്റ്റ് ഇപ്പോഴുമുണ്ടെന്നും ഇത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നതായും അദേഹം ആരോപിച്ചു.
കൂടാതെ എന്‍ഓസി കമ്പനി തിരിച്ചുനല്‍കിയിട്ടില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. അതേസമയം ആരോപണങ്ങള്‍ തള്ളി ഓയോ അധികൃതര്‍ രംഗത്തെത്തി. കരാര്‍ സമയത്ത് വാഗ്ദാനം ചെയ്ത ഗുണമേന്മ നിലനിര്‍ത്താതിരുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തെ സമയം നല്‍കിയാണ് കമ്പനി കരാര്‍ അവസാനിപ്പിക്കുകയെന്നും ഓയോ റൂംസ് അറിയിച്ചു.