
മനുഷ്യന്‍ ചെയ്തുകൊണ്ടിരുന്ന പല ജോലികളും ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും കയ്യടക്കിയിരിക്കുകയാണെന്ന് നമുക്കേവര്‍ക്കും അറിയാം. അത് ഒരേ സമയം നമുക്ക് അനുഗ്രഹവും ശാപവുമാണ് എന്നതും മറ്റൊരു സത്യം. ഈ വേളയില്‍ ടെക്ക് രംഗത്തെ മിക്ക ജോലികള്‍ ചെയ്യുന്നവര്‍ക്കിടയിലും ജോലി നഷ്ടപ്പെടുമോ എന്ന പേടിയും ഉടലെടുത്തിരിക്കുകയാണ്. എന്നാല്‍ ടെക്ക് ഭീമനായ ടെസ്ലയുടെ സിഇഒ ആയ ഇലോണ്‍ മസ്‌കും ഇക്കാര്യം ശക്തമായി പിന്തുണച്ചിരിക്കുന്നതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
അതിനാല്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ റൈറ്റിങ് മാത്രമാണ് ഇനി നിലനില്‍ക്കാന്‍ പോകുന്ന ഒരേയൊരു ജോലിയെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കുന്നു. എന്നാല്‍ തനിയെ സോഫ്റ്റ് വെയര്‍ റൈറ്റ് ചെയ്യാനുള്ള 'പരിപാടി' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരംഭിച്ചാല്‍ മനുഷ്യര്‍ക്ക് ഈ ജോലിയും നഷ്ടമാകുമെന്നും മസ്‌ക് മുന്നറിയിപ്പ് തരുന്നുണ്ട്. ഷാങ്ഹായില്‍ വെച്ചുനടന്ന വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഇലോണ്‍ മസ്‌ക്.
ഇതേ കോണ്‍ഫറന്‍സില്‍ ചൈനീസ് ശതകോടീശ്വരനായ ജാക് മായുമായി ഇലോണ്‍ മസ്‌കിന്റെ സംവാദമുണ്ടായിരുന്നു. മനുഷ്യരെക്കാള്‍ കംപ്യൂട്ടര്‍ സ്മാര്‍ട്ട് ആയി മാറുമെന്ന് മസ്‌ക് വാദിച്ചപ്പോള്‍ ജാക് മാ അതിനോട് യോജിച്ചില്ല. മനുഷ്യനെ മെഷീനുകള്‍ നിയന്ത്രിക്കും എന്ന വാദത്തെ തനിക്ക് അംഗീകരിക്കാനാകില്ല. അത് അസാധ്യമാണെന്നായിരുന്നു ജാക് മായുടെ പ്രതികരണം.