
പ്രമുഖ ആഭ്യന്തര ടെക്സ്‌റ്റൈല്‍സ് കമ്പനിയായ അരവിന്ദ് ഗ്രൂപ്പിന്റെ ഫാഷന്‍, വസ്ത്ര വിഭാഗമായ അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ് അവരുടെ അവകാശ ഓഹരി വില്‍പ്പന ജൂണ്‍ 29 ന് ആരംഭിക്കുമെന്ന് എക്സിക്യീട്ടീവ് ഡയറക്ടര്‍ കുലില്‍ ലാല്‍ഭായ് വ്യക്തമാക്കി. പുതിയ അവകാശ ഓഹരി വില്‍പ്പയിലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുമ്പ് ആസൂത്രണം ചെയ്ത 300 കോടിയില്‍ നിന്ന് 100 കോടി രൂപ കൂടുതലാണിത്. ജൂണ്‍ 29- ന് ആരംഭിക്കുന്ന അവകാശ ഓഹരി വില്‍പ്പന ജൂലൈ 17- ന് അവസാനിക്കും.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ജൂണ്‍ 21- ന് ചേര്‍ന്ന യോഗത്തില്‍ അവകാശ ഓഹരി വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. മുഖവില 4 രൂപ വീതമുള്ള 3,99,79,347 ഇക്വിറ്റി ഷെയറുകള്‍ ഇഷ്യു ചെയ്യുന്നതിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഒരു ഓഹരിക്ക് 100 രൂപ എന്ന നിരക്കില്‍, പ്രീമിയം 96 രൂപ ഉള്‍പ്പെടെ, നിലവിലുള്ള എല്ലാ ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും 400 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ ഓഹരിക്ക് 150 രൂപ നിശ്ചയിച്ചിരുന്നതില്‍ നിന്നാണ് ഇപ്പോള്‍ ഇഷ്യു വില 100 രൂപയായി കുറച്ചത്.
ഒരു ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാതാവും ലാല്‍ഭായ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയുമാണ് അരവിന്ദ് ലിമിറ്റഡ്. ഗുജറാത്തിലെ നരോദ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ ആസ്ഥാനം. അരവിന്ദ്, ലാല്‍ഭായ് ഗ്രൂപ്പ് എന്നിവയുടെ ഇപ്പോഴത്തെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും സഞ്ജയ് ഭായിയാണ്. കോട്ടണ്‍ ഷര്‍ട്ടിംഗ്, ഡെനിം, നിറ്റ്‌സ്, കാക്കി തുടങ്ങിയ തുണിത്തരങ്ങളാണ് കമ്പനി പ്രധാനമായും നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡെനിം നിര്‍മ്മാതാവ് കൂടിയാണ് അരവിന്ദ് ലിമിറ്റഡ്.