
ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജെറ്റ് എയര്‍വേസിനെ മുകേഷ് അംബാനി ഏറ്റെടുത്തേക്കുമെന്ന് സൂചന. ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി മുകേഷ് അംബാനി വാങ്ങാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ജെറ്റിന്റെ ഓഹരി വാങ്ങാന്‍ മുകേഷ് അംബാനി താത്പര്യം പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്. കടബാധ്യത നേരിടുന്ന പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെയും ഓഹരി വാങ്ങാന്‍ മുകേഷ് അംബാനി ശ്രമിക്കുന്നുവെന്നാണ് വിവരം. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. സാമ്പത്തിക ബാധ്യത നികത്താന്‍ വേണ്ടിയായിരുന്നു ഈ തീരുമാനം അന്ന് സര്‍ക്കാര്‍ എടുത്തിരുന്നത്. എന്നാല്‍ സ്വകാര്യ കമ്പനികളാരും എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ താത്പര്യം അറിയിച്ചിരുന്നില്ല.
അതേസമയം സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ 25 ശതമാനത്തിന് താഴെ വരുന്ന ഓഹരിയാണ് മുകേഷ് അംബാനി വാങ്ങാന്‍ ശ്രമിക്കുന്നത്. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ജെറ്റ് എയര്‍വെയ്‌സിന്റെ നടത്തിപ്പവകാശം ഏറ്റെടുത്തിട്ടും സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.
എസ്ബിഐ അടക്കമുള്ള ബാങ്കുകളോട് 983 കോടി രൂപ വായ്പ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അത് നിരസിക്കുകയായിരുന്നു. വായ്പ നിഷേധിച്ചതിനെ തുടര്‍ന്നാണ് എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് റദ്ദ് ചെയ്തത്. ഇപ്പോള്‍ ജെറ്റിന്റെ ഓഹരി റിലയന്‍സ് വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എത്തിഹാദുമായി സഹകരിച്ചാകും റിലയന്‍സ് ഓഹരി ഇടപാടുകള്‍ നടത്തുക. എത്തിഹാദിന് ജെറ്റ് എയര്‍വെയ്‌സില്‍ 24 ശതമാനം ഓഹരിയാണുള്ളത്. അതേസമയം മാര്‍ച്ച് മാസം അവസനിച്ചപ്പോഴേക്കും ജെറ്റ് എയര്‍വെയ്‌സിന്റെ കടത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കടം 8,414 കോടി രൂപയായി ഉയരുകയും ചെയ്തു.