
മുംബൈ: 2020 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിക്ക് 57 കോടി രൂപയുടെ നഷ്ടമുണ്ടായതായി അശോക് ലെയ്ലാന്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 653 കോടി രൂപയുടെ ലാഭമുണ്ടായ സ്ഥാനത്താണ് ഈ വരുമാന ഇടിവ്. കൊവിഡ് -19 നെ തുടര്‍ന്നുളള ലോക്ക്ഡൗണുകളുടെയും തുടര്‍ന്നുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ തളര്‍ച്ചയുടെയും ഫലമായി അശോക് ലെയ്ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 3,814 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 8,723 കോടിയായിരുന്നു. 'ലോകമെമ്പാടും, ഇന്ത്യയിലും കോവിഡ്19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മൂലം ധനവിപണിയില്‍ ഗണ്യമായ ഇടിവും അസ്ഥിരതയും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യവും സൃഷ്ടിച്ചു,' അശോക് ലെയ്ലാന്‍ഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ അശോക് ലെയ്ലാന്‍ഡിന്റെ വരുമാനം 17,467 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 29,055 കോടി രൂപയായിരുന്നു. 1,983 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 240 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം.