
കൊവിഡ് പശ്ചാത്തലത്തില്‍ പെയിന്റ് കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് വില കൂട്ടുന്നു. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ പെയിന്റുകള്‍ക്ക് വില വര്‍ദ്ധനയൊന്നും ഉണ്ടായിരുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വില വര്‍ദ്ധന എല്ലാ കമ്പനികളും ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്.
ജൂണ്‍ പാദത്തില്‍ ഒട്ടുമിക്ക പെയിന്റെ കമ്പനികളും അവരുടെ ഉത്പന്നങ്ങളുടെ വില കൂട്ടിയിട്ടുണ്ട്. എമല്‍ഷനുകളുടെ വിലയില്‍ മെയ് ആദ്യവാരത്തില്‍ തന്നെ മൂന്ന് മുതല്‍ നാല് ശതമാനം വരെയാണ് വില കൂട്ടിയത്. വുഡ് കോട്ടിങ്ങുകളുടെ വില ജൂണില്‍ ആറ് മുതല്‍ ഒമ്പത് ശതമാനം വരെ കൂട്ടിയിട്ടുണ്ട്.
മറ്റ് ഉത്പന്നങ്ങളുടെ വില ഉടന്‍ കൂടുമെന്നാണ് വിവരം. വാട്ടര്‍ പ്രൂഫിങ് ഉത്പന്നങ്ങളുടെ വില ജൂലായ് മാസത്തില്‍ കൂട്ടാനാണ് പെയിന്റ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. എക്കോണമി എമല്‍ഷനുകളുടേയും പ്രൈമറുകളുടേയും വിലയും ജൂലായില്‍ കൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇപ്പോഴിങ്ങനെ വില കൂട്ടുന്നതിന് കാരണവും ഉണ്ട്. പെയിന്റും അനുബന്ധ ഉത്പനങ്ങളും നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വലിയ വര്‍ദ്ധനയാണ് വന്നിട്ടുള്ളത്. ടൈറ്റാനിയം ഡയോക്സൈഡ്, ക്രൂഡ് അടിസ്ഥാനമായ മോണോമെറുകള്‍ എന്നിവയുടെ വലിയില്‍ ഒരു വര്‍ഷത്തിനിടെയ 15 മുതല്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.
പെയിന്റ് വിപണിയിലെ വമ്പന്‍മാരാണ് ഏഷ്യന്‍ പെയിന്റ്സ്. ഇവര്‍ തങ്ങളുടെ എല്ലാ വിഭാഗത്തിലും ഉള്ള ഉത്പന്നങ്ങളുടേയും വില ഇപ്പോള്‍ തന്നെ കൂട്ടിക്കഴിഞ്ഞിട്ടുണ്ട്. ശരാശരി 1.5 മുതല്‍ 2 ശതമാനം വരെയാണ് വില കൂട്ടിയിട്ടുള്ളത്. വുഡ് ഫിനിഷ് വിഭാഗത്തില്‍ കഴിഞ്ഞ മാസം ഇവര്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ ആണ് വില കൂട്ടിയിട്ടുള്ളത്.
പെയിന്റിങ്ങില്‍ ഒഴിവാക്കാനാവാത്തവയാണ് അഡെസീവ്സ്. പ്രമുഖ അഡെസീവ് നിര്‍മാതാക്കളായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ആവശ്യമെങ്കില്‍ ഇനിയും വില കൂട്ടേണ്ടി വരും എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഉത്പാദനത്തിന് ആവശ്യമായ വിനൈല്‍ അസെറ്റേറ്റ് മോണോമെറിന്റെ വില 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഒരു ടണ്ണിന് 925 ഡോളര്‍ ആയിരുന്നു. ഇപ്പോഴത് 2,000 ഡോളര്‍ ആയാണ് ഉയര്‍ന്നിട്ടുള്ളത്. ഇപ്പോഴുണ്ടായ വില വര്‍ദ്ധനയില്‍ അവസാനിക്കില്ല കാര്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍. അസംസ്‌കൃത വസ്തുക്കളുടെ വില ഇനിയും കൂടാനാണ് സാധ്യത. അത് ഉത്പാദന ചെലവ് കൂട്ടുമ്പോള്‍ സ്വാഭാവികമായും വില വീണ്ടും കൂട്ടേണ്ടിവരും.