ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് 15 മില്യണ്‍ ഡോളറിന്റെ വായ്പാ സഹായം

May 26, 2021 |
|
News

                  ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് 15 മില്യണ്‍ ഡോളറിന്റെ വായ്പാ സഹായം

മണപ്പുറം ഫിനാന്‍സ് സബ്‌സിഡിയറിയും ഇന്ത്യയിലെ നാലാമത്തെ പ്രമുഖ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയുമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് യുഎസ്എ ആസ്ഥാനമായ വേള്‍ഡ് ബിസിനസ് കാപിറ്റലിന്റെ 15 മില്യണ്‍ ഡോളറിന്റെ വായ്പാ സഹായം. യുഎസ് സര്‍ക്കാരിനു കീഴിലുള്ള യുഎസ് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ പിന്തുണയോടെയാണ് ഏഴു വര്‍ഷം കാലവാധിയുള്ള ഈ വാണിജ്യ വായ്പ.

ഈ വായ്പ ഉപയോഗിച്ച് ഗ്രാമീണ മേഖലകളിലെ വനിതകളെ കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ കണ്ടെത്താനും അതുവഴി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് സിഎഫ്ഒ യോഗേഷ് ഉധോജി പറഞ്ഞു. 'ഗ്രാമീണ മേഖലകളിലെ വനിതാ സംരംഭങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുതിനായി മികച്ച ഒരു മാതൃക സൃഷ്ടിച്ച കരുത്തുറ്റ ഒരു ധനകാര്യസ്ഥാപനത്തെ പിന്തുണക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ബാങ്കിംഗ് സേവനം വേണ്ടത്ര ലഭിക്കാത്ത ഈ വിഭാഗത്തിന് സാമ്പത്തിക സേവനം എത്തിക്കുകയും വളരാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതില്‍ ആശീര്‍വാദ് സുപ്രധാന പങ്കാണ് വഹിക്കുന്നത്' - വേള്‍ഡ് ബിസിനസ് കാപിറ്റല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും യുറേഷ്യ/ആഫ്രിക്ക ചീഫ് ലെന്‍ഡിങ് ഓഫീസറുമായ റോബ് മൊന്‍യക് പറഞ്ഞു.

ഇന്ത്യയുടെ വിദേശ വായ്പാ ചട്ടങ്ങള്‍ പ്രകാരം ലഭ്യമായ ഈ തുക ആശീര്‍വാദിനെ ഗ്രാമീണ മേഖലകളിലും താഴന്ന വരുമാനക്കാരിലും കൂടുതല്‍ സേവനങ്ങളെത്തിക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് ചെറുകിട വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കി അവരുടെ ബിസിനസ് വളര്‍ത്താന്‍ സഹായിക്കാന്‍ ആശീര്‍വാദിനു കഴിയും. ആശീര്‍വാദിന് രാജ്യാന്തര ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന ദീര്‍ഘകാല വായ്പയാണിത്.

Related Articles

© 2025 Financial Views. All Rights Reserved