
ന്യൂഡല്‍ഹി: തായ്‌വാന്‍ ആസ്ഥാനമായിട്ടുള്ള ഇലക്ട്രോണിക്സ് കമ്പനിയായ അസൂസ് രാജ്യത്ത് പുതിയതായി 1000 റീട്ടെയില്‍ പോയിന്റുകള്‍ കൂടി തുടങ്ങുന്നു. അടുത്ത വര്‍ഷമായിരിക്കും ഇത് യാഥാര്‍ത്ഥ്യമാകുക. നിലവില്‍ രാജ്യത്തുള്ള റീട്ടെയില്‍ പോയിന്റുകള്‍ കൂടാതെയാണ് അസൂസ് ഇന്ത്യ പുതിയതായി ആയിരം റീട്ടെയില്‍ പോയിന്റുകള്‍ കൂടി തുറക്കുന്നത്. ഗെയിമിങ് മേഖലയില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ഉള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.
ഇന്ത്യയില്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ തരക്കേടില്ലാത്ത സ്ഥാനമുണ്ട് അസൂസിന്. സെപ്തംബര്‍ പാദത്തിലെ കണക്ക് പ്രകാരം വിപണിയുടെ 7.5 ശതമാനവും അസൂസിന്റെ കൈയ്യിലാണ്. വമ്പന്‍മാര്‍ വിഹരിക്കുന്ന മേഖലയില്‍ ഇത് അത്ര ചെറിയ നേട്ടമൊന്നും അല്ല. അതും ഈ കൊവിഡ് കാലത്ത്.
ഇന്ത്യയില്‍ നിലവില്‍ അസൂസിന് ആറായിരത്തിന് മുകളില്‍ റീട്ടെയില്‍ പോയിന്റുകളുണ്ട്. ഇതില്‍ അയ്യായിരത്തോളം എണ്ണം പരമ്പരാഗത ഡീലര്‍ ഷോപ്പുകളാണ്. ആയിരത്തി ഒരുനൂറെണ്ണം അല്ലാതെയുള്ള വില്‍പന കേന്ദ്രങ്ങളും ആണ്. ഇതിലേക്കാണ് പുതിയതായി ആയിരം റീട്ടെയില്‍ പോയിന്റുകള്‍ പുതിയതായി വരുന്നത്.
കൊവിഡ് ലോക്ക് ഡൗണിന് ശേഷം കമ്പൂട്ടറുകള്‍ക്കുള്ള ഡിമാന്റ് കുത്തനെ കൂടിയിട്ടുണ്ട് എന്നാണ് കമ്പനി തന്നെ പറയുന്നത്. പ്രതിമാസം രണ്ട്ര ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയിരുന്നതില്‍ നിന്ന് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു എന്നാണ് പറയുന്നത്. വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസ്സുകളും തുടരുന്നതിനാല്‍ കുറച്ച് കാലം കൂടി വിപണിയിലെ ഈ മുന്നേറ്റം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊവിഡ് കാലത്ത് പല വ്യവസായ, വ്യാപാര സ്ഥാപനങ്ങളും വലിയ തകര്‍ച്ചയിലേക്കാണ് വീണുപോയത്. എന്നാല്‍ അസൂസിനെ അത് ബാധിച്ചിട്ടില്ലെന്നാണ് അവകാശവാദം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഒക്ടോബറില്‍ കമ്പനി നേടിയത് 39 ശതമാനം വളര്‍ച്ചയാണെന്ന് അസൂസ് ഇന്ത്യ ബിസിനസ് ഹെഡ് ഓഫ് കണ്‍സ്യുമര്‍ ഗെയിമിങ് പിസി അര്‍ണോള്‍ഡ് സു പറയുന്നു.
അസൂസിന് നിലവില്‍ ഇന്ത്യയില്‍ 120 എക്സ്‌ക്ലൂസ്സീവ് ഷോപ്പുകള്‍ ഉണ്ട്. ഇത് കൂടാതെ 1,100 ല്‍ പരം പ്രീമിയം 'ഷോപ് ഇന്‍ ഷോപ്സ്' സംവിധാനങ്ങളും ഉണ്ട്. പുതിയ റീട്ടെയില്‍ പോയന്റുകള്‍ തുറക്കുമ്പോള്‍ എക്സ്‌ക്ലൂസ്സീവ് ഷോപ്പുകളുടെ എണ്ണം 120 ല്‍ നിന്ന് 200 ആയി ഉയരും. ഷോപ് ഇന്‍ ഷോപ്സിന്റെ എണ്ണം 1,100 ല്‍ നിന്ന് 2,00 ആയും ഉയരും.