
ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി ഇനി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന് സ്വന്തം. ആമസോണ്‍ തലവന്‍ ജെഫ് ബെസോസിനെ കടത്തിവെട്ടിയാണ് ഇലോണ്‍ മസ്‌ക് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം വ്യാഴാഴ്ചയിലെ ടെസ്ലയുടെ ഓഹരി നേട്ടങ്ങള്‍ ഉള്‍പ്പടെ മസ്‌കിന്റെ ആകെ ആസ്തി 188.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബെസോസിനേക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ കൂടുതലാണ് മസ്‌കിന്റെ ആകെ ആസ്തി.
ജനുവരി ആറിലെ കണക്ക് പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 184.5 ബില്യണ്‍ ഡോളറായിരുന്നു. അന്ന് ബെസോസിനേക്കാള്‍ വെറും മൂന്ന് ബില്യണ്‍ ഡോളറിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. വ്യാഴാഴ്ച മാത്രം ഇലട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഓഹരി 4.8 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ ലോകത്തിലെ അതി സമ്പന്നരുടെ റാങ്കിങ്ങായ ബൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ മസ്‌ക് ഒന്നാമതെത്തുകയായിരുന്നു.
ചരിത്രപരമായ ഒരു നേട്ടമാണ് 49കാരനായ ഇലോണ്‍ മസ്‌ക് ഇപ്പോള്‍ സ്വന്തമായിരിക്കുന്നത്. ആമസോണ്‍ തലവനായ ജെഫ് ബെസോസ് 2017 മുതല്‍ അടക്കിവാണിരുന്ന പദവിയിലേക്കാണ് മസ്‌ക് ഇപ്പോള്‍ നടന്നുകയറിയിരിക്കുന്നത്. 2020 നവംബറില്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബില്‍ഗേറ്റ്സിനെ ഇലോണ്‍ മസ്‌ക് മറികടന്നിരുന്നു. അന്ന് 128 ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് മസ്‌ക് മറികടന്നത്. ടെസ്ലയുടെ ഓഹരി വിലയില്‍ ഉണ്ടായ കുതിപ്പാണ് മസ്‌കിനെ കോടീശ്വരപട്ടകയില്‍ മുന്‍നിരയില്‍ എത്തിച്ചത്.