
ലോസ് എയ്ഞ്ചല്‍സ്: ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികമാരില്‍ ഹോളിവുഡിന്റെ ഷാര്‍ലെറ്റ് ജൊഹാന്‍സണ്‍ ഒന്നാമത്. ഫോര്‍ബ്‌സിന്റെ പട്ടികയിലാണ് ഷാര്‍ലറ്റ് ഒന്നാം സ്ഥാനം നേടിയത്. 2018 നേടിയതിനേക്കാള്‍ 15.5 മില്യണ്‍ ഡോളറാണ് ഈ 34കാരി ഇക്കുറി നേടിയത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ ഷാര്‍ലറ്റ് 35 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിഫലം വാങ്ങിയത്. 2018-19 കാലയളവില്‍ ഏകദേശം 402 കോടി രൂപയാണ് ഷാര്‍ലറ്റിന്റെ പ്രതിഫലം. ഫോര്‍ബ്‌സ് പുറത്ത് വിട്ട പട്ടികയില്‍ മിക്കവരും 20 മില്യണ്‍ ഡോളറിലധികം പ്രതിഫലം വാങ്ങിയവരാണ്.
കഴിഞ്ഞ വര്‍ഷം 56 മില്യണ്‍ യുഎസ് ഡോളര്‍ (402 കോടി ഇന്ത്യന്‍ രൂപ) പ്രതിഫലം പറ്റിയിട്ടും ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടീ നടന്മാരുടെ സംയുക്ത പട്ടികയില്‍ ഷാര്‍ലെറ്റ് എട്ടാം സ്ഥാനത്താണ് എത്തിയത്. ഷാര്‍ലെറ്റിനൊപ്പം എന്‍ഡ് ഗെയിമില്‍ അഭിനയിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ 55 മില്യണ്‍ ഡോളറാണ് പ്രതിഫലമായി വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട ഏറ്റമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയില്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ 66 മില്യണ്‍ ഡോളര്‍ ആകെ വരുമാനത്തോടെ മൂന്നാം സ്ഥാനത്ത് വന്നിരുന്നു. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയില്‍ സോഫിയ വേര്‍ഗാരയാണ് രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത്. 44.1 മില്യണ്‍ ഡോളറാണ് സോഫിയ പ്രതിഫലമായി വാങ്ങിയത്. മൂന്നാം സ്ഥാനം ഹോളിവുഡിന്റെ റീസ് വിതര്‍സ്പൂണാണ്. 35 മില്യണ്‍ ഡോളറാണ് റീസ് പ്രതിഫലമായി വാങ്ങിയത്.