ബാങ്ക് തട്ടിപ്പ് കേസുകളില്‍ മുന്നില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്; തൊട്ടുപിന്നില്‍ ഈ ബാങ്കും

March 16, 2022 |
|
News

                  ബാങ്ക് തട്ടിപ്പ് കേസുകളില്‍ മുന്നില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്; തൊട്ടുപിന്നില്‍ ഈ ബാങ്കും

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് കൊട്ടക് മഹീന്ദ്ര ബാങ്കിലെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയും അതില്‍ കൂടുതലുമായി 642 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് 518 ഉം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 377 തട്ടിപ്പ് കേസുകളുമായി തൊട്ടുപിന്നിലുണ്ട്. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇക്കാര്യം അറിയിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഘടനാപരവും നടപടിക്രമപരവുമായ പരിഷ്‌കാരങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാങ്കുകളിലെ തട്ടിപ്പുകള്‍ പരിശോധിക്കാന്‍ സഹായിച്ചുവെന്നും തട്ടിപ്പ് കുത്തനെ കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടാക്കിലെ തട്ടിപ്പുകളുടെ എണ്ണം 2017 സാമ്പത്തിക വര്‍ഷത്തില്‍ 135 ആയിരുന്നത് 2018 സാമ്പത്തിക വര്‍ഷത്തില്‍ 289 ആയി ഉയര്‍ന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 383 ഉം 2020 സാമ്പത്തിക വര്‍ഷത്തില്‍ 652 ഉം 2021 സാമ്പത്തിക വര്‍ഷത്തില്‍ 826 ആയിരുന്നു തട്ടിപ്പുകളെന്ന് കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളെ വിലയിരുത്തി മന്ത്രി വ്യക്തമാക്കി. ആക്സിസ് ബാങ്കില്‍ 235, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 159, എച്ച്ഡിഎഫ്സി ബാങ്കില്‍ 151 എണ്ണം തട്ടിപ്പുമാണ് നടന്നിട്ടുള്ളത്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐയുടെ കാര്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 751 കേസുകളും, 2018 ല്‍ 923, 2019 ല്‍ 931 എന്നിങ്ങനെയായിരുന്നു തട്ടിപ്പുകള്‍. എന്നാല്‍ 2020ല്‍ 673 ഉം, 2021 ഇത് 283 ലേക്കും ചുരുങ്ങിയതായി മന്ത്രി അറിയിച്ചു. ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ സമഗ്രമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനുപുറമെ, തട്ടിപ്പുകാരെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved