
ഇന്ത്യന്‍ ഓഹരി വിപണിയിലിത് ഐപിഒകളുടെ കാലമാണ്. ഇനിയും ലിസ്റ്റ് ചെയ്യാത്ത പല കമ്പനികളും ഓഹരി വിപണിയിലെത്താനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. ഓഗസ്റ്റില്‍ മാത്രം എട്ടോളം കമ്പനികളായിരുന്നു ഐപിഒകളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയലേക്കെത്തിയിരുന്നത്. നിക്ഷേപകര്‍ ആവേശത്തോടെ ഐപിഒകളെ സ്വീകരിക്കുന്നതിനാല്‍ തന്നെ പല കമ്പനികളും ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. നിലവില്‍ സെപ്റ്റംബറില്‍ ഐപിഒ നടത്തുന്നതിന് അഞ്ച് കമ്പനികളാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതുവഴി ആകെ 6,595 കോടി സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിജയ ഡയഗ്‌നോസ്റ്റിക് സെന്ററാണ് ഇതിലെ പ്രധാന കമ്പനി. 1,895 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് നീക്കം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിജയ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഐപിഒയ്ക്ക് തുടക്കമാകും. കൂടാതെ അമി ഓര്‍ഗാനിക്സും ഐപിഒയിലേക്ക് നീങ്ങുന്നതായുള്ള പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 600 കോടി രൂപ സമാഹരിക്കാനാണ് അമി ഓര്‍ഗാനിക്സ് ലക്ഷ്യമിടുന്നത്.
അരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, പെന്നാ സിമന്റ്, ശ്രീ ബജ്റംഗ് പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡ് എന്നിവയാണ് സെപ്റ്റംബറില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്ന മറ്റ് കമ്പനികള്‍. അരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് 1800 കോടിയും പെന്നാ സിമന്റ് 1,500 കോടിയും ശ്രീ ബജ്റംഗ് പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡ് 800 കോടിയുമാണ് ഐപിഒയിലൂടെ സമാഹരിക്കുക. അതേസമയം, പാരാസ് ഡിഫന്‍സ് ആന്റ് സ്പെയ്സ് ടെക്നോളജീസ് അടുത്തമാസം ഐപിഒ നടത്തുമെന്ന സൂചനകളുണ്ടെങ്കിലും എത്ര തുകയാണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ല.