ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള നിക്ഷേപം കുറഞ്ഞു; ജൂണില്‍ 95 ശതമാനം ഇടിവ്

July 09, 2020 |
|
News

                  ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള നിക്ഷേപം കുറഞ്ഞു; ജൂണില്‍ 95 ശതമാനം ഇടിവ്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണമൊഴുക്കില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ജൂണില്‍ 95 ശതമാനം ഇടിവ്. 240 കോടി രൂപയാണ് ഇക്വിറ്റി സ്‌കീമുകളില്‍ ഇക്കാലയളവില്‍ നിക്ഷേപിക്കപ്പെട്ടത്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. മെയ് മാസത്തില്‍ ഇത് 5246 കോടി രൂപയായിരുന്നു.

അതേ സമയം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ജൂണ്‍ മാസത്തില്‍ 6.89 ലക്ഷം കോടി രൂപയായി. മുന്‍ മാസമിത് 6.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി നേട്ടമുണ്ടാക്കിയതും സ്സ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് വഴിയുള്ള പണമൊഴുക്കില്‍ സ്ഥിരതയുണ്ടായതുമാണ് ഇതിനു സഹായിച്ചത്.

എസ്ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ജൂണ്‍ മാസത്തില്‍ 7927 കോടി രൂപയാണ്. മുന്‍ മാസമിത് 8123 കോടി രൂപയായിരുന്നു. ഇക്വിറ്റി ഫണ്ടുകളില്‍ തന്നെ മള്‍ട്ടി കാപ് ഫണ്ടുകളില്‍ 778 കോടി രൂപയും ലാര്‍ജ് കാപ് ഫണ്ടുകളില്‍ 213 കോടി രൂപയും ഇതിനകം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ടാക്സ് സേവിംഗ് ഇഎല്‍എസ്എസ്, ഫോക്കസ്ഡ് ഫണ്ടുകള്‍ എന്നിവയില്‍ യഥാക്രമം 518 കോടി, 317 കോടി രൂപയുടെ ഇന്‍ഫ്ളോ ഉണ്ടായിട്ടുണ്ട്. മിഡ്, സ്മോള്‍ കാപ് ഫണ്ടുകളില്‍ ഇത് 290 കോടി രൂപയാണ്.

കോവിഡ് 19 സ്ഥിതിഗതികള്‍ മോശമാക്കിയതിനെ തുടര്‍ന്ന് നിക്ഷേപകരില്‍ പലരും ലഭമെടുപ്പിന് മുതിര്‍ന്നിരുന്നു. മാത്രമല്ല എസ്ഐപി നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ആളുകളുടെ കൈയ്യില്‍ നിന്ന് പുതിയ നിക്ഷേപം ഒട്ടും തന്നെ വരുന്നില്ല എന്നതാണ് ഇപ്പോഴത്തെ ഇടിവിന്റെ പ്രധാന കാരണം. മാര്‍ക്കറ്റില്‍ ഒരു റിസഷന്റെ ഒരു സൂചന വരുമ്പോഴൊക്കെ ആളുകള്‍ ആശങ്കാകുലരാകുന്നത് സ്വാഭാവികമാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

Related Articles

© 2024 Financial Views. All Rights Reserved