കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ എടിഎ കാര്‍നെറ്റ് ; വ്യവസായ സംരംഭങ്ങള്‍ക്ക സാധ്യത ഉപയോഗപ്പെടുത്തണം

February 29, 2020 |
|
News

                  കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ എടിഎ കാര്‍നെറ്റ് ; വ്യവസായ സംരംഭങ്ങള്‍ക്ക സാധ്യത ഉപയോഗപ്പെടുത്തണം

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ സാധനങ്ങള്‍ താത്കാലികമായി കയറ്റുമതിയും ഇറക്കുമതിയും നടത്താന്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുവാദം നല്‍കുന്ന എടിഎ കാര്‍നെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പ്പശാല ആവശ്യപ്പെട്ടു. എടിഎ കാര്‍നെറ്റിനെ കുറിച്ച് സമൂഹത്തില്‍ ശരിയായ അവബോധമുണ്ടാകണമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച കസ്റ്റംസം നടപടിക്രമങ്ങള്‍ വലിയ തോതില്‍ ലഘൂകരിക്കാന്‍ എടിഎ കാര്‍നെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്‌സിബിഷന്‍ സാമഗ്രികളുമെല്ലാം നിശ്ചിത കാലയളവില്‍ ഏത് രാജ്യത്തേക്കും എത്രതവണ വേണമെങ്കിലും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ സാധിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു.

എടിഎ കാര്‍നെറ്റ് സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുമെന്ന് കണ്‍സള്‍ട്ടന്റ് സതീഷ് കുമാര്‍ റെഡ്ഡി പറഞ്ഞു. എടിഎ കാര്‍നെറ്റിന്റെ സാധ്യത വ്യവസായ സമൂഹം ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും വിദേശ വാണിജ്യ വകുപ്പ് ജോയിന്റെ ഡയറക്ടര്‍ ജനറല്‍ കെഎം ഹരിലാല്‍ പറഞ്ഞു. 74 രാജ്യങ്ങളില്‍ അംഗീകാരമുള്ള എടിഎ കാര്‍നെറ്റിന്റെ ഇന്ത്യയിലെ ഗാരന്റി അതോറിറ്റി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍മാനും കിംസ് ഹെല്‍ത്ത് കെയര്‍ സിഎംഡിയുമായ ഡോ.എം.ഐ സഹദുള്ള പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved