അടല്‍ പെന്‍ഷന്‍ യോജനയില്‍ പുതുതായി ചേര്‍ന്നത് 52 ലക്ഷം പേര്‍

January 05, 2021 |
|
News

                  അടല്‍ പെന്‍ഷന്‍ യോജനയില്‍ പുതുതായി ചേര്‍ന്നത് 52 ലക്ഷം പേര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ചേര്‍ന്നത് 52 ലക്ഷം പേര്‍. 60 വയസ്സ് തികയുമ്പോള്‍ വരിക്കാര്‍ക്ക് മൂന്നിരട്ടി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. ഇക്കഴിഞ്ഞ ഡിസംബറിലെ കണക്ക് പ്രകാരം ആകെ വരിക്കാരുടെ എണ്ണം 2.75 കോടി ആയെന്നും ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപ വരെ വരിക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രതിമാസം അടയ്ക്കുന്ന തുക കണക്കാക്കിയാണ് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുക. എസ് ബിഐ വഴി ഈ പദ്ധതിയില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ അംഗമായിട്ടുണ്ട്. 2015ലാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവില്‍ 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ വരിക്കാരാവാന്‍ സാധിക്കുകയുള്ളൂ.

പെന്‍ഷന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് അടല്‍ പെന്‍ഷന്‍ പദ്ധതി നിയന്ത്രിക്കുന്നത്. 2015 ഡിസംബര്‍ ആവസാനിക്കുന്നതിന് മുമ്പ് ഈ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക്് അക്കൗണ്ട് ഉടമ നല്‍കുന്ന മൊത്തം തുകയുടെ 50 ശതമാനം അല്ലെങ്കില്‍ പ്രതിവര്‍ഷം 1000 രൂപ സംഭാവന നല്‍കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. പോസ്റ്റ് ഓഫീസുകളിലോ, എല്ലാ ദേശീയ ബാങ്കുകളിലോ അടല്‍ പെന്‍ഷന്‍ യോജന ആരംഭിക്കാം.

Related Articles

© 2025 Financial Views. All Rights Reserved