അടല്‍ പെന്‍ഷന്‍ യോജന പദ്ധതി: പുതുതായി ചേര്‍ന്നവരുടെ എണ്ണം 8 ലക്ഷം കടന്നു

September 03, 2021 |
|
News

                  അടല്‍ പെന്‍ഷന്‍ യോജന പദ്ധതി: പുതുതായി ചേര്‍ന്നവരുടെ എണ്ണം 8 ലക്ഷം കടന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടല്‍ പെന്‍ഷന്‍ യോജന പദ്ധതി(എപിവൈ)യില്‍ പുതുതായി ചേര്‍ന്നവരുടെ എണ്ണം എട്ട് ലക്ഷം കടന്നു. 7,99,428 വരിക്കാരാണ് എസ്ബിഐയിലൂടെ മാത്രം ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായത്. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി ഇതുവരെ 3.30 കോടി ജനങ്ങളാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ ഭാഗമായിട്ടുള്ളത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസം ഇതില്‍ അംഗങ്ങളായവര്‍ 28 ലക്ഷത്തിലധികം പേരാണ്.

2021 ഓഗസ്റ്റ് 25 വരെയുള്ള കണക്ക് പ്രകാരം, കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പിഎഫ്ആര്‍ഡിഎ അവതരിപ്പിച്ചിട്ടുള്ള എപിവൈ പദ്ധതിക്ക് കീഴില്‍ വരുന്ന 78% വരിക്കാര്‍ 1,000 രൂപ പെന്‍ഷന്‍ പ്ലാന്‍ തെരഞ്ഞെടുക്കുകയും 14% പേര്‍ ഏകദേശം 5,000 രൂപയുടെ പെന്‍ഷന്‍ പ്ലാന്‍ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ 44% വരിക്കാര്‍ സ്ത്രീകളാണ്. ഏകദേശം 44% വരിക്കാരും 18-25 വയസ്സിനിടയില്‍ പ്രായമുള്ളവരുമാണെന്ന് പിഎഫ്ആര്‍ഡിഎ റിപ്പോര്‍ട്ട്.

അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകുന്നവരുടെ വിഹിതത്തിനൊപ്പം സര്‍ക്കാരും ഒരു വിഹിതം നിക്ഷേപിക്കും. അംഗത്തിന്റെ വിഹിതത്തിന്റെ 50 ശതമാനമോ ആയിരം രൂപയോ അതില്‍ ഏതാണോ കുറവ് ആ തുകയായിരിക്കും സര്‍ക്കാറിന്റെ നിക്ഷേപ വിഹിതം. എന്നാല്‍ അംഗത്തിന് സര്‍ക്കാര്‍ വിഹിതം ലഭിക്കണമെങ്കില്‍ മറ്റൊരു നിബന്ധന കൂടിയുണ്ട്.

എപിവൈയില്‍ 18 വയസില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിക്ക് മാസം ഏറ്റവും കുറഞ്ഞത് 1,000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ മാസവും 42 രൂപ നിക്ഷേപിച്ചാല്‍ മതി. ഓരോ മാസവും 84 രൂപ വീതം നിക്ഷേപിച്ചാല്‍ മാസം 2,000 രൂപ പെന്‍ഷന്‍ ലഭിക്കും. 3,000 രൂപ മാസ പെന്‍ഷനായി ഓരോ മാസവും നിക്ഷേപിക്കേണ്ടുന്ന തുക 126 രൂപയാണ്. 168 രൂപ വീതം ഓരോ മാസവും നിക്ഷേപിച്ചാല്‍ 4,000 രൂപാ മാസ പെന്‍ഷന്‍ ലഭിക്കും.

അടല്‍ പെന്‍ഷന്‍ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുകയായ 5,000 രൂപ ലഭിക്കുവാന്‍ ഓരോ മാസവും നിക്ഷേപിക്കേണ്ടത് 210 രൂപ വീതമാണ്. അതായത് ഓരോ ദിവസവും വെറും 7 രൂപ (മാസത്തില്‍ 210 രൂപ) മാറ്റി വച്ചാല്‍ മാസം 5,000 രൂപാ പെന്‍ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും. വര്‍ഷത്തില്‍ ആകെ പെന്‍ഷനായി ലഭിക്കുന്ന തുക 60,000 രൂപയും സര്‍ക്കാറിന്റെ മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയൊന്നും ഗുണഭോക്താക്കള്‍ അല്ലാത്ത വ്യക്തികള്‍ക്കും നികുതി ദായകര്‍ അല്ലാത്ത വ്യക്തികള്‍ക്കുമാണ് സര്‍ക്കാര്‍ പങ്കാളിത്ത വിഹിതമെന്ന ആനുകൂല്യം അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ലഭിക്കുക.

Related Articles

© 2024 Financial Views. All Rights Reserved