
ന്യൂഡല്‍ഹി: മുന്‍ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രബര്‍ത്തി എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാനായേക്കും. ജനുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ശ്യാമള ഗോപിനാഥിന്റെ പിന്‍ഗാമിയാകും ഇദ്ദേഹമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കുന്നത് വരെ ഇദ്ദേഹം പാര്‍ട് ടൈം ചെയര്‍മാനായിരിക്കും. 1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം. ധനകാര്യ വകുപ്പ് സെക്രട്ടറിയായി 2020 ഏപ്രിലിലാണ് വിരമിച്ചത്.
മുന്‍ റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണറാണ് നിലവിലെ ചെയര്‍പേഴ്‌സണായ ശ്യാമള ഗോപിനാഥ്. 2015 ജനുവരിയിലാണ് ഇവര്‍ ബാങ്കിന്റെ നേതൃപദവി ഏറ്റെടുത്തത്. ചക്രബര്‍ത്തി ബാങ്കിന്റെ ചെയര്‍പേഴ്‌സണായാല്‍ ഉന്നത ബ്യൂറോക്രാറ്റിനെ പരമോന്നത സ്ഥാനത്തേക്ക് എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ ബാങ്കാവും എച്ച്ഡിഎഫ്‌സി. നേരത്തെ ഐസിഐസിഐ ബാങ്ക് മുന്‍ പെട്രോളിയം സെക്രട്ടറിയായിരുന്ന ജിസി ചതുര്‍വേദിയെ തങ്ങളുടെ ചെയര്‍പേഴ്സണ്‍ ആക്കിയിരുന്നു.