
അന്താരാഷ്ട്ര എണ്ണവില ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതിന് ശേഷം ജെറ്റ് ഇന്ധന വില 18 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. ഇത് എക്കാലത്തെയും കുത്തനെയുള്ള വര്‍ദ്ധനവാണ്. ഇത് വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുക. ഈ വര്‍ഷം തുടര്‍ച്ചയായ ആറാം തവണയാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇതോടെ കിലോലിറ്ററിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ ആദ്യമായി വില ഉയര്‍ന്നിരിക്കുന്നു.
വിമാനങ്ങളെ പറക്കാന്‍ സഹായിക്കുന്ന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എടിഎഫ്) ദേശീയ തലസ്ഥാനത്ത് ഒരു കിലോലിറ്ററിന് 17,135.63 അല്ലെങ്കില്‍ 18.3 ശതമാനം വര്‍ധിച്ച് 110,666.29 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയിലെ ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നു.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് വിതരണം തടസ്സപ്പെടുമെന്ന ഭയത്തെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവില കഴിഞ്ഞയാഴ്ച ബാരലിന് 140 ഡോളറിനടുത്ത് 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. പിന്നീട് വില ബാരലിന് ഏകദേശം 100 ഡോളറായി കുറഞ്ഞു. മുംബൈയില്‍ എടിഎഫ് വില ഒരു കിലോലിറ്ററിന് 109,119.83 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ 114,979.70 രൂപയായി. ജെറ്റ് ഇന്ധനത്തിന് ചെന്നൈയില്‍ കിലോ ലിറ്ററിന് 114,133.73 രൂപയാണ് വില.
ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ജെറ്റ് ഇന്ധനം ഈ വര്‍ഷം പുതിയ ഉയരങ്ങളിലെത്തി. 2008 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 147 ഡോളറിലെത്തിയപ്പോള്‍ കിലോലിറ്ററിന് 71,028.26 രൂപയായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.