അന്താരാഷ്ട്ര എണ്ണ വില വര്‍ധനവ്: എടിഎഫ് വില റെക്കോര്‍ഡ് ഉയരത്തില്‍

February 16, 2022 |
|
News

                  അന്താരാഷ്ട്ര എണ്ണ വില വര്‍ധനവ്: എടിഎഫ് വില റെക്കോര്‍ഡ് ഉയരത്തില്‍

അന്താരാഷ്ട്ര എണ്ണവിലയിലെ വര്‍ധനയ്ക്ക് അനുസൃതമായി നിരക്ക് 5.2 ശതമാനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ജെറ്റ് ഇന്ധന വില ഇന്ത്യയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. ആഗോള എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ ജെറ്റ് ഇന്ധനത്തിന്റെയോ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയോ (എടിഎഫ്) വിലയിലെ നാലാമത്തെ വര്‍ധനയാണിത്. എന്നാല്‍ തുടര്‍ച്ചയായി 103-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അനുബന്ധിച്ചാണ് ഇതെന്ന് സൂചനയുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം എടിഎഫ് വില കിലോലിറ്ററിന് 4,481.63 രൂപ അല്ലെങ്കില്‍ ദേശീയ തലസ്ഥാനത്ത് 5.2 ശതമാനം വര്‍ധിച്ച് 90,519.79 രൂപയായി. എടിഎഫ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2008 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 147 ഡോളറിലെത്തിയപ്പോള്‍ കിലോലിറ്ററിന് 71,028.26 രൂപയിലേക്കെത്തിയിരുന്നു. നിലവിലെ വില ഇതിനെക്കാള്‍ ഉയര്‍ന്നതാണ്. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 93.87 ഡോളറായിരുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം പൂര്‍ണ്ണമായും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാത്ത എയര്‍ലൈനുകള്‍ക്ക് വിലയിലെ വര്‍ദ്ധനവ് വലിയ സമ്മര്‍ദ്ദമാകും. ഈ വര്‍ഷത്തെ നാലാമത്തെ വിലവര്‍ധനയാണ് ബുധനാഴ്ചത്തെ വിലവര്‍ധന. ജനുവരി ഒന്നിന് കിലോലിറ്ററിന് 2,039.63 രൂപ അല്ലെങ്കില്‍ 2.75 ശതമാനം വര്‍ധിപ്പിച്ച് 76,062.04 രൂപയായും തുടര്‍ന്ന് ജനുവരി 16ന് കിലോലിറ്ററിന് 3,232.87 രൂപ (4.25 ശതമാനം) വര്‍ധിച്ച് 79,294.91 രൂപയായും ഉയര്‍ന്നു. ഫെബ്രുവരി ഒന്നിന് 8.5 ശതമാനം 86,038.16 രൂപയായി.

നാല് തവണത്തെ വര്‍ധനവോടെ എടിഎഫ് വില കിലോലിറ്ററിന് 16,497.38 രൂപയായി ഉയര്‍ന്നു. നവംബര്‍ രണ്ടാം പകുതിയിലും ഡിസംബര്‍ പകുതിയിലും അന്താരാഷ്ട്ര എണ്ണ വില ഇടിഞ്ഞിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര നിരക്കുകള്‍ ദൃഢമായത് എടിഎഫ് വില വര്‍ധിപ്പിക്കാന്‍ കാരണമായി. 2021 നവംബര്‍ പകുതിയോടെ എടിഎഫ് വില കിലോലിറ്ററിന് 80,835.04 രൂപയില്‍ എത്തിയിരുന്നു. ഡിസംബര്‍ 1, 15 തീയതികളില്‍ മൊത്തം 6,812.25 രൂപ അല്ലെങ്കില്‍ 8.4 ശതമാനം കുറച്ചിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണ വിലയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നു. എടിഎഫില്‍ നിന്ന് വ്യത്യസ്തമായി, പെട്രോള്‍, ഡീസല്‍ നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരി വില എടുത്തതിന് ശേഷം ദിവസേന പരിഷ്‌കരിക്കുന്നു. 2021 നവംബര്‍ 4 മുതല്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ മുതല്‍ വിലയില്‍ മാറ്റമില്ല.

Related Articles

© 2024 Financial Views. All Rights Reserved