
ന്യൂഡല്‍ഹി: ഒരു തലമുറയുടെ സൈക്കിള്‍ സവാരിയുടെ മറുപേരാണ് അറ്റ്‌ലസ് സൈക്കിള്‍ കമ്പനി. ഇനി മുന്നോട്ട് പോകാന്‍ പണമില്ലെന്ന് വ്യക്തമാക്കി രാജ്യത്തെ അവസാന സൈക്കിള്‍ നിര്‍മ്മാണ കേന്ദ്രവും അടച്ചുപൂട്ടി. ഡല്‍ഹിക്കടുത്ത് സഹിബാബാദിലെ നിര്‍മ്മാണ യൂണിറ്റാണ് അടച്ചത്. കമ്പനി താത്കാലികമായാണ് അടയ്ക്കുന്നതെന്നും കമ്പനിയുടെ പക്കലുള്ള അധിക ഭൂമി വിറ്റ് കിട്ടുന്ന 50 കോടി രൂപ ഉപയോഗിച്ച് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്നും സിഇഒ എന്‍പി സിങ് റാണ വ്യക്തമാക്കി.
ലോക സൈക്കിള്‍ ദിനമായ ജൂണ്‍ മൂന്നിനാണ് കമ്പനി രാജ്യത്തെ അവസാന നിര്‍മ്മാണ യൂണിറ്റും അടച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന 431 ജീവനക്കാരെയും പിരിച്ചുവിട്ടു. എന്നാല്‍ ഇവര്‍ക്ക് 50 ശതമാനം അടിസ്ഥാന ശമ്പളവും ഡിഎയും വരും ദിവസങ്ങളിലും നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ യൂണിറ്റാണ് അടച്ചത്. 1989 ലാണ് ഇത് തുറന്നത്. പ്രതിമാസം രണ്ട് ലക്ഷത്തോളം സൈക്കിള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു ഇവിടെ. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് നിര്‍മ്മാണ പ്ലാന്റ് അടച്ചതെന്ന് ജീവനക്കാര്‍ ആരോപിച്ചു.