
ന്യൂഡല്‍ഹി: ടെലിവിഷന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടിവി നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഉല്‍പ്പന്നമായ ഓപ്പണ്‍ സെല്‍ പാനലിന് അഞ്ച് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും.
ആഭ്യന്തര ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയാണ് പുതിയ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. ഓപ്പണ്‍ സെല്‍ പാനല്‍ അടക്കമുളളവ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഗുണം ചെയ്യും. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. ടിവി നിര്‍മാണവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ ഒരു വര്‍ഷത്തെ ഇളവ് സെപ്റ്റംബര്‍ 30 ന് തീരും. ഈ ഇളവുകള്‍ ഇനി തുടരില്ല. പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താരിഫ് പ്രഖ്യാപനത്തിലൂടെ ആഭ്യന്തര ടെലിവിഷന്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടെലിവിഷന്‍ ഇറക്കുമതിയില്‍ 2017 ഡിസംബര്‍ മുതല്‍ 20% കസ്റ്റംസ് തീരുവ നിലവിലുണ്ട്. കൂടുതല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.