
റിയാദ്: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചു. ബാരലിന് 70 ഡോളറാണ് ഇപ്പോള്‍ വില. സൗദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനിയായ അരോംകായുടെ എണ്ണ സംരംഭണശാലക്ക് നേരെയുണ്ടായ ഡോണ്‍ ആക്രമണം മൂലം എണ്ണ ഉത്പ്പാദനം പകുതിയായി കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില 70 ഡോളറിന് മുകളിലേക്കെത്തിയിട്ടുള്ളത്. വരും ദിവസളില്‍ എണ്ണ വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കും. ബാരലന് 80 ഡോളര്‍ വരെ വര്‍ധിക്കാനിടയാക്കിയേക്കും. ആഗോള എണ്ണ വിപണി ഇതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സൗദിയുടെ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ഈ സാഹചര്യത്തില്‍ ഇരുരാഷ്ട്രങ്ങളും എണ്ണ ലഭ്യമാക്കാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ എണ്ണ വില വര്‍ധനവാണ് ആഗോള തലത്തെ കാത്തിരിക്കാന്‍ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം സൗദിയുടെ എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വന്ന സ്ഥിതിക്ക് ഇന്ത്യയില്‍ എണ്ണ വില ലിറ്ററിന് 90 രൂപ വരെ എത്തിയേക്കും. ഇറാന്റെ എണ്ണയ്ക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും രാഷ്ട്രീയ തര്‍ക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമാകും. യുഎസ്-ചൈന വ്യാപാര തര്‍ക്കം മൂലം അന്താരാഷ്ട്ര തലത്തില്‍ കേൂടുതല്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി അരോംകോയ്ക്ക് നേരെയുണ്ടായ ഡോണ്‍ ആക്രമണവും കൂടുതല്‍ പ്രതസിന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കും.
സൗദിഅറേബ്യ ഡോണ്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ എണ്ണ ഉത്പ്പാദനം വീണ്ടും കുറച്ചേക്കുമെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും വലി എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയുടെ ഹിജ്‌റ ഖുറൈസ്, അബ്‌ഖൈക് എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ട് 10 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നിട്ടുള്ളത്. പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ പമ്പ് ചെയ്യാന്‍ ശേഷിയുള്ള 12000 കിലമോറ്റീര്‍ നീളമുള്ള പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്.