ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജിഡിപിയില്‍ 7 ശതമാനം ഇടിവ്

September 04, 2020 |
|
News

                  ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്;   ജിഡിപിയില്‍ 7 ശതമാനം ഇടിവ്

സിഡ്നി: കൊറോണ വൈറസിന്റെ അപ്രതീക്ഷിത വരവ് ഓസ്ട്രേലിയയെ വെട്ടിലാക്കി. 30 വര്‍ഷത്തിനിടെ രാജ്യം ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ രാജ്യത്തെ ജിഡിപി ഏഴ് ശതമാനം ഇടിഞ്ഞു. 1959ന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക പാദത്തില്‍ 0.3 ശതമാനമാണ് ഇടിവുണ്ടായത്. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയാല്‍ ആ രാജ്യം മാന്ദ്യത്തിലാണെന്ന് വിലയിരുത്തപ്പെടും.

ലോകത്തെ ഉലച്ച 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ഓസ്ട്രേലിയ മാത്രമാണ്  ചെറുത്തുനിന്നത്. ഇതിന് പ്രധാന കാരണം ചൈന പല കാര്യങ്ങള്‍ക്കും ഓസ്ട്രേലിയയെ ആശ്രയിച്ചതാണ്. ഇക്കുറി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള രാജ്യത്തെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചത് കാട്ടുതീയും കൊറോണയുമായിരുന്നു. അധികം വൈകാതെ രാജ്യത്തെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വന്നു. 61 വര്‍ഷത്തിനിടെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണ് ഓസ്ട്രേലിയയില്‍ നേരിടുന്നത്.

ഇതിന് മുന്‍പ് 1990 മധ്യത്തിലാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടത്. അത് പിന്നീട് 1991 അവസാനം വരെ നീണ്ടു. ഇക്കുറി ജിഡിപിയില്‍ എട്ട് ശതമാനം ഇടിവുണ്ടാകുമെന്നാണ് ഓസ്ട്രേലിയയിലെ റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചതെങ്കിലും ഏഴ് ശതമാനം ഇടിവേ രേഖപ്പെടുത്തിയുള്ളൂ എന്നത് തിരിച്ചടിയിലും നേരിയ ആശ്വാസം ബാക്കിവയ്ക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved