
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഉപയോഗിച്ചുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് അടുത്ത മാസം ഒന്നുമുതല്‍ മാറ്റം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 5000 രൂപയില്‍ കൂടുതലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് ഉപഭോക്താവിന്റെ അനുമതി വാങ്ങണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.
ഫോണ്‍, ഡിടിഎച്ച് ബില്ലുകള്‍, ഒടിടി പ്ലാറ്റ്ഫോം സബ്സ്‌ക്രിപ്ഷന്‍ അടക്കം ഓരോ മാസമോ വര്‍ഷമോ ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ തനിയെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സൗകര്യത്തിനാണ് ഒക്ടോബര്‍ ഒന്നുമുതല്‍ നിയന്ത്രണം വരുന്നത്. ഒരു തവണ പേയ്മെന്റ് നടത്തിയാല്‍ കാര്‍ഡ് വിവരങ്ങളും മറ്റും സ്റ്റോര്‍ ചെയ്ത് പിന്നീടുള്ള ഇടപാടുകള്‍ തനിയെ പണം ഈടാക്കി വരിസംഖ്യ പുതുക്കുന്ന രീതിയാണ് ഓട്ടോ ഡെബിറ്റ്. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. യുപിഐ വഴിയുള്ള ഓട്ടോ ഡെബിറ്റ് പേയ്മെന്റുകള്‍ക്കും നിയന്ത്രണം ബാധകമാകും.
ഇനി ഇത്തരം ഓട്ടോ ഡെബിറ്റ് പേയ്മെന്റുകള്‍ നടത്തണമെങ്കില്‍ ഓരോ തവണയും ഉപയോക്താവ് അനുമതി നല്‍കണം. ഇല്ലെങ്കില്‍ ഇടപാട് റദ്ദാകും. പേയ്മെന്റിന് 24 മണിക്കൂര്‍ മുന്‍പ് ഇ-മെയില്‍ അല്ലെങ്കില്‍ എസ്എംഎസ് വഴി സന്ദേശം ലഭിക്കും. ഇത് അംഗീകരിച്ചാല്‍ മാത്രമേ പണം ഈടാക്കൂ. ഓട്ടോ ഡെബിറ്റ് സൗകര്യം ഏത് സമയത്തും പിന്‍വലിക്കാനും ഉപഭോക്താവിന് അധികാരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പരിധിയും നിശ്ചയിക്കാം.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓരോ മാസവും തനിയെ പണം ഈടാക്കുന്ന രീതിക്ക് തടസ്സമുണ്ടാവില്ല. മ്യൂച്ചല്‍ ഫണ്ട് എസ്ഐപി, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങി ബാങ്ക് അക്കൗണ്ടില്‍ നിന്ന് തനിയെ ഡെബിറ്റ് ചെയ്യുന്ന സംവിധാനമാണ് സാധാരണപോലെ തുടരുക. എന്നാല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ പരിഷ്‌കാരം ബാധകമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉപഭോക്താവ് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.