ഓട്ടോ പിഎല്‍ഐ പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍

March 16, 2022 |
|
News

                  ഓട്ടോ പിഎല്‍ഐ പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഓട്ടോ പിഎല്‍ഐ പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍. വാഹന നിര്‍മാണ രംഗത്തെ സ്വദേശീവത്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതി അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഹീറോ മോട്ടോകോര്‍പ്, ടൊയോട്ട, മാരുതി, ടാറ്റാ തുടങ്ങി 75 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാവും.

നിലവില്‍ ഓട്ടോപാര്‍ട്ട്സ് ഉല്‍പ്പാദന രംഗത്ത് ഇല്ലാത്ത ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സിയറ്റ് എന്നിവയെയും കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎല്‍ഐ സ്‌കീമിന്റെ ഭാഗമാവാന്‍ ലഭിച്ച 115 അപേക്ഷകളില്‍ നിന്നാണ് 75 കമ്പനികളെ തെരഞ്ഞെടുത്തത്. അഞ്ചുവര്‍ഷത്തേക്ക് വിവിധ മേഖലകളിലായി 18 ശതമാനം വരെ ഇളവുകള്‍ ആണ് പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് ലഭിക്കുക.

ഈ 75 കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 74,850 കോടിയുടെ നിക്ഷേപം അടുത്ത 5 വര്‍ഷം കൊണ്ട് രാജ്യത്ത് നടത്തും. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്ന് 32350 കോടിയുടെ അധിക നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത്. വാഹന നിര്‍മാണ കമ്പനികളില്‍ നിന്ന് വലിയ പ്രതികരണം ആണ് പിഎല്‍ഐ പദ്ധതിക്ക് ലഭിച്ചത്. ഓട്ടോപാര്‍ട്ട്സുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിര്‍മിക്കുന്നതിലൂടെ ഇറക്കുമതി കുറയ്ക്കുക മാത്രമല്ല, കയറ്റുമതിയും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഏകദേശം 7.5 ലക്ഷം തൊഴില്‍ അവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കപ്പെടുക. ബാറ്ററി നിര്‍മാണം ഫെയിമിന്റെ കീഴില്‍ ഇലക്ട്രിക് വാഹന നിര്‍മാണം തുടങ്ങിയവയ്ക്ക് നല്‍കുന്ന ആനകൂല്യങ്ങള്‍ക്ക് പുറമെയാണ് ഓട്ടോ പിഎല്‍ഐ പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved