
ന്യൂ ഡല്‍ഹി: ചൈനയിലെ കൊറോണ വൈറസ് ഇന്ത്യന്‍ വാഹനവിപണിയെ മോശമായി ബാധിക്കുമെന്ന് സൂചന. 2020ല്‍ ഇന്ത്യയുടെ വാഹന ഉത്പാദനത്തില്‍ 8.3 ശതമാനം കുറവുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സൊലൂഷ്യന്‍സിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ എല്ലാ വ്യാപാര വ്യവസായങ്ങളും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ചൈനയിലെ വാഹന ഉത്പാദനവും നിര്‍ത്തി വച്ചിരിക്കുകയാണ്. ആളുകളുടെ സംഘം ചേരല്‍ ഒഴിവാക്കുന്നതിനായുള്ള അറിയിപ്പുകളെത്തുടര്‍ന്നാണിത്. ഈ വൈറസ് ആക്രമണം ഇന്ത്യയിലെത്തിയാലും ഇതേ സുരക്ഷാനടപടികളാകും സ്വീകരിക്കുക എന്നും അവര്‍ പറയുന്നു.
ഇന്ത്യയിലെ ആരോഗ്യരംഗം കൊറോണ പോലൊരു രോഗത്തെ ചെറുക്കാന്‍ പര്യാപ്തമല്ലെന്ന നിരീക്ഷണത്തോടൊപ്പം അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ വാഹനവിപണിയെ അത് കാര്യമായി ബാധിക്കുമെന്നും ചൈനയേക്കാള്‍ വേഗത്തില്‍ കൊറോണ ഇന്ത്യയില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഹന ഉത്പാദന ഘടകങ്ങളുടെ കേന്ദ്രം ചൈനയാണെന്നിരിക്കെ, ഈ പ്രതിസന്ധി ഇന്ത്യയിലെ വാഹനനിര്‍മ്മാണ രംഗത്ത് പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും നിര്‍മ്മാണരംഗം തകരുകയും ചെയ്യും. 2019ലെ കണക്കുകള്‍ അനുസരിച്ച് 13.2 ശതമാനത്തില്‍ നിന്നും 8.3 ശതമാനത്തിലേക്ക് ഇന്ത്യയുടെ വാഹനവിപണി ഇടിയുമെന്ന് പറയുന്നു. വാഹനങ്ങളുടെ ആവിശ്യകതയും കുറഞ്ഞേക്കുമെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ വാഹനവിപണിയില്‍ പാര്‍ട്‌സുകളുടെ 10-30 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. അതിനാല്‍ ഈ പ്രതിസന്ധി ഇന്ത്യയുടെ വിപണിയിലെ തളര്‍ച്ചയെ സൂചിപ്പിക്കുന്നുണ്ട്-ഫിച്ച് പറയുന്നു.
2020 ലെ ഇന്ത്യയുടെ ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. അതിന്റെ ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിപണിയെ സഹായിക്കുമെങ്കിലും വിപണി കണ്ടെത്താന്‍ കഴിയുമോ എന്നത് പ്രധാനമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും അതുവഴി മലിനീകരണം നിയന്ത്രിക്കാനും വേണ്ടിയാണ് ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.