
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ മേയില്‍ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ ഇടിവ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ വാഹനങ്ങളുടെ വില്‍പ്പനയെയും രജിസ്‌ട്രേഷനെയും ബാധിച്ചതിന്റെ ഫലമായി 55 ശതമാനം ഇടിവാണ് വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണ്ടായതതെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു.
പല സംസ്ഥാനങ്ങളിലും ഷോറൂമുകള്‍ അടഞ്ഞുകിടന്നതിനാല്‍ എല്ലാ വിഭാഗങ്ങളിലെയും വില്‍പ്പന കഴിഞ്ഞ മാസം ബാധിക്കപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിലെ 11,85,374 യൂണിറ്റിനെ അപേക്ഷിച്ച് മേയ് മാസത്തില്‍ രജിസ്‌ട്രേഷന്‍ 5,35,855 യൂണിറ്റായി കുറഞ്ഞു. 1,497 പ്രാദേശിക ഗതാഗത ഓഫീസുകളില്‍ (ആര്‍ടിഒ) 1,294 ല്‍ നിന്നുള്ള വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഏപ്രിലിലെ 2,08,883 യൂണിറ്റുകളെ അപേക്ഷിച്ച് 59 ശതമാനം കുറഞ്ഞു. ത്രീ വീലര്‍ വില്‍പ്പന 76 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,215 യൂണിറ്റായി. ഏപ്രിലില്‍ ഇത് 21,636 യൂണിറ്റായിരുന്നു. ട്രാക്ടര്‍ വില്‍പ്പന 57 ശതമാനം ഇടിഞ്ഞ് 16,616 യൂണിറ്റായി. ഏപ്രിലില്‍ ഇത് 38,285 യൂണിറ്റായിരുന്നു.