
ആലപ്പുഴ: ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനും ബോഗി നിര്‍മാണത്തിനുള്ള ആര്‍ക്ക് ഫര്‍ണസും ഉദ്ഘാടനം ചെയ്തു. രണ്ട് മെഗാ വാട്ടിന്റെ സൗരോര്‍ജ പ്ലാന്റിന്റെയും നിര്‍മാണവും തുടങ്ങി. പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ മാസം 20 ലക്ഷമാണ് ഓട്ടോകാസ്റ്റിന് ലാഭിക്കാനാകുക. മന്ത്രി ഇ പി ജയരാജനാണ് പദ്ധതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
അനര്‍ട്ടിന്റെ സഹായത്തോടെയാണ് ജില്ലയിലെ ആദ്യ ചാര്‍ജിങ് സ്റ്റേഷന്‍. ഒരേ സമയം മൂന്ന് വാഹനങ്ങള്‍ക്ക് ഇവിടെ ചാര്‍ജ് ചെയ്യാനാകും. കൂടാതെ 500 ടണ്ണെന്ന പ്രഖ്യാപിത ഉല്‍പ്പാദന ലക്ഷ്യത്തിലേക്കും ഓട്ടോകാസ്റ്റ് അടുത്തു. ഡിസംബറില്‍ത്തന്നെ 400 മെട്രിക് ടണ്‍ ഉല്‍പ്പാദനം കൈവരിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ 500 ടണ്ണിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. മന്ത്രി തോമസ് ഐസക് അധ്യക്ഷനായി. കാസ്റ്റിങ്ങുകളുടെ കൃത്യത ഉറപ്പാക്കുന്ന കംപ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍, ഹൈഡ്രോളിക് പ്രസ്, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനംചെയ്തു.
ഷോട്ട് ബ്ലാസ്റ്റിങ് മെഷീന്‍ എ എം ആരിഫ് എംപിയും നോളജ് സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും ഉദ്ഘാടനംചെയ്തു. കെഎസ്ഡിപി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു, ഓട്ടോകാസ്റ്റ് ഡയറക്ടര്‍ കെ രാജപ്പന്‍നായര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, ചെയര്‍മാന്‍ കെ എസ് പ്രദീപ്കുമാര്‍, ഡയറക്ടര്‍ എസ് രാധാകൃഷ്ണന്‍, എംഡി വി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.