ഇന്ത്യയിലെ വാഹന വില്‍പ്പന ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

April 05, 2022 |
|
News

                  ഇന്ത്യയിലെ വാഹന വില്‍പ്പന ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

ഇന്ത്യയിലെ വാഹന വില്‍പ്പന 2022ല്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ വാഹന വില്‍പ്പനയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഇന്ത്യന്‍ വാഹന വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകും. പൊതുഗതാഗതത്തേക്കാള്‍ വ്യക്തിഗത വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ മുന്‍ഗണനയാണ് വളര്‍ച്ചയ്ക്ക് കാരണം. 2021ല്‍ ഇന്ത്യ വാഹന വില്‍പ്പനയില്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ലോകത്തിലെ നാലാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയാണ് ഇന്ത്യ.

വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വില്‍പ്പനയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തെ, ഏഷ്യ-പസഫിക്ക് മേഖലയില്‍ വാഹന വില്‍പ്പന 4.7 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞ മൂഡീസ് ഇത് 3.4 ശതമാനമായി കുറച്ചു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതും വിതരണ ശൃംഖലയെ ബാധിച്ചതുമാണ് ഏഷ്യ-പസഫിക്ക് മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. വടക്കേ അമേരിക്കയിലെ വാഹന വില്‍പ്പന ഈ വര്‍ഷം ഏറ്റവും ശക്തമായിരിക്കുമ്പോള്‍, യൂറോപ്പ് വന്‍ തിരിച്ചടി നേരിടാന്‍ ഒരുങ്ങുകയാണ്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ വാഹന വില്‍പ്പന വളര്‍ച്ചാ പ്രതീക്ഷ 8.5 ല്‍ നിന്ന് 0.5 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved