ആക്‌സിസ് ബാങ്കിന്റെ എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി; നീക്കം ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച്

October 13, 2020 |
|
News

                  ആക്‌സിസ് ബാങ്കിന്റെ എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി; നീക്കം ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച്

കൊച്ചി: ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് പ്രതിദിനം ഉപയോഗിക്കുന്ന വിഭാഗങ്ങളില്‍ 4-5 ശതമാനം കാഷ്ബാക്ക് നല്‍കുന്ന ആക്‌സിസ് ബാങ്കിന്റെ എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മൊബൈല്‍ റീചാര്‍ജ്, ബില്‍ അടക്കല്‍ തുടങ്ങിയവ ഗൂഗിള്‍ പേയിലൂടെ നടത്തുമ്പോള്‍ അഞ്ചു ശതമാനം കാഷ്ബാക്കാണ് നല്‍കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് 4-5 ശതമാനം കാഷ്ബാക്കാണു ലഭിക്കുക. സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണിങ്ങനെ കാഷ്ബാക്ക് ലഭിക്കുന്നത്. മറ്റ് ഇടപാടുകള്‍ക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കും.
 
കാര്‍ഡിനായുളള അപേക്ഷ മുതല്‍ എല്ലാം ഡിജിറ്റലായി നടത്താമെന്നതും കാഷ്ബാക്കുകള്‍ എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കുമെന്നതും ഏറെ ആകര്‍ഷകമാണ്. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ അറ്റാച്ചു ചെയ്യുന്ന സുരക്ഷിതമായ ഡിജിറ്റല്‍ ടോക്കണ്‍ വഴി പണമടക്കല്‍ നടത്താം. കാര്‍ഡ് വിവരങ്ങള്‍ പങ്കു വെക്കാതെ തന്നെ ഇതു ചെയ്യാം.

ഈ കാര്‍ഡിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമല്ല, ഡിജിറ്റല്‍ ഇടപാടു നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായതും കൂടിയാണ് എയ്‌സ് കാര്‍ഡെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഗൂഗിള്‍ പേ വഴി തങ്ങളുടെ സാന്നിധ്യം വിപുലമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്‌സിസ് ബാങ്കുമായും വീസയുമായും സഹകരിച്ച് പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കാനാവുന്നുവെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗൂഗിള്‍ പേ സീനിയര്‍ ഡയറക്ടര്‍ അംബരീഷ് കെന്‍ഘെ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ലഭിക്കാനും ഇതിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ഉപഭോക്താക്കളുടെ മനോഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും ലളിതവും സുരക്ഷിതവുമായ സൗകര്യങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും വീസ ഇന്ത്യാ ദക്ഷിണേഷ്യാ ഗ്രൂപ് കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Related Articles

© 2025 Financial Views. All Rights Reserved