
മുംബൈ: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി 10,000 കോടി രൂപ സമാഹരിച്ചു. നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്. ഇതിന് ബാങ്കിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.
ക്യുഐപി പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കിന്റെ ഓഹരികള്‍ 2.78 ശതമാനം ഉയര്‍ന്ന് 442.95 രൂപയായി. ഒരു വെല്ലുവിളി നിറഞ്ഞ മാക്രോ ഇക്കണോമിക് അന്തരീക്ഷമുണ്ടായിട്ടും, നിരവധി വലിയ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍, ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുള്‍പ്പെടെ ആഗോള, ആഭ്യന്തര നിക്ഷേപക സമൂഹങ്ങളില്‍ നിന്ന് ശക്തമായ സ്വീകരണം ഈ പ്ലേസ്‌മെന്റിന് ലഭിച്ചുവെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബാങ്ക് തയ്യാറായിട്ടില്ല.
മൊത്തം ഇടപാട് വലുപ്പം 10,000 കോടി രൂപയാണ്. ഇക്വിറ്റി ഷെയറിന് 420.1 രൂപയാണ് ക്യുഐപി ഇഷ്യു ചെയ്തത്, 442.19 രൂപയുടെ ഫ്‌ലോര്‍ വിലയ്ക്ക് അഞ്ച് ശതമാനം കിഴിവോടെയായിരുന്നു ഇത്. സമാഹരണത്തിന് ആഗോള, പ്രാദേശിക നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.