
എയര്‍ ഇന്ത്യയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ച് ഇല്‍ക്കര്‍ ഐസി. കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ടര്‍ക്കിഷുകാരനായ (തുര്‍ക്കി) ഇല്‍ക്കര്‍ എയര്‍ ഇന്ത്യയുടെ എംഡിയും സിഇഒയും ആകുമെന്ന് ടാറ്റ സണ്‍സ് അറിയിച്ചത്. ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇല്‍ക്കറെ ടാറ്റ ക്ഷണിച്ചത്.
എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗനുമായുള്ള ഇല്‍ക്കറുടെ അടുത്ത ബന്ധം ചൂണ്ടിക്കാട്ടി ആര്‍എസ്എസ് പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം) രംഗത്തെത്തിയിരുന്നു. 1994 കാലയളവില്‍ തയീപ് എര്‍ദോഗന്റെ ഉപദേശകനായിരുന്നു ഇല്‍ക്കര്‍. കശ്മീര്‍ വിഷയത്തില്‍ പാക്ക് അനുകൂല നിലപാട് സ്വീകരിച്ച ആളാണ് തയീപ് എര്‍ദോഗന്‍.
രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ഇല്‍ക്കറുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നായിരുന്നു എസ്ജെഎമ്മിന്റെ ആവശ്യം. നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില സ്ഥാപനങ്ങള്‍ അനാവശ്യ നിറം പകരുകയാണെന്നാണെന്ന് ഇല്‍ക്കര്‍ പറഞ്ഞു. പ്രഫഷണല്‍ ധാര്‍മ്മികതയെയും കുടുംബത്തെയും പരിഗണിച്ച് എയര്‍ ഇന്ത്യയിലേക്കില്ലെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.